ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുവര്‍ഷത്തിലേക്ക്

Webdunia
ബുധന്‍, 31 ഡിസം‌ബര്‍ 2014 (21:13 IST)
ലോകം ഒരു പുതിയ വര്‍ഷത്തിലേക്ക് ചുവടു വയ്ക്കുകയാണ്. സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും നേട്ടങ്ങളുടെയും നല്ല മുഹൂര്‍ത്തങ്ങളും ഭീകരതയുടെയും തീവ്രവാദത്തിന്‍റെയും കരിമ്പടം പൊതിഞ്ഞ ശാപനിമിഷങ്ങളും 2014ന്‍റെ ഭാഗമായിരുന്നു. കറുത്ത ഭൂതകാലത്തിന് വിട നല്‍കി സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും നല്ല ദിനങ്ങള്‍ എല്ലാ വായനക്കാരെയും അനുഗ്രഹിക്കട്ടെ എന്ന് മലയാളം വെബ്‌ദുനിയ ആശംസിക്കുന്നു.

ചൊവ്വയുടെ ഹൃദയമിടിപ്പ് തൊട്ടറിയാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് 2014ന്‍റെ നേട്ടമാണെങ്കില്‍ 2015 അതിന്‍റെ തുടര്‍ പരീക്ഷണങ്ങള്‍ക്ക് സാക്‍ഷ്യം വഹിക്കുകയാണ്. ആ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മലയാളികളാണെന്നതില്‍ അഭിമാനിക്കാം.

മുന്നേറ്റങ്ങളുടെ ഒരു ഭാവിയാണ് 2014 വാഗ്ദാനം ചെയ്തതെങ്കില്‍ തുടര്‍ വിജയങ്ങളുടെയും വന്‍ നേട്ടങ്ങളുടെയും വര്‍ഷമായിരിക്കും 2015. ശാസ്ത്ര - സാങ്കേതിക രംഗത്ത് ഒരു കുതിച്ചുചാട്ടത്തിന് തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്. വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം, ഐടി രംഗങ്ങളിലും ഇന്ത്യന്‍ വന്‍ വളര്‍ച്ച ലക്‍ഷ്യമിടുന്നു. രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും അമര്‍ച്ച ചെയ്യാനാകുമെന്നും പ്രതീക്ഷിക്കാം.

തമ്മിലടിക്കുകയും പോര്‍‌വിളി മുഴക്കുകയും ചെയ്യാതെ നാടിന്‍റെ വികസനത്തിനായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈകോര്‍ക്കണം. അഴിമതിരഹിതമായ ഭരണ സംവിധാനങ്ങളും ആത്മാര്‍ത്ഥതയും കാര്യശേഷിയുമുള്ള ഭരണകര്‍ത്താക്കളെയുമാണ് നാടിന് ആവശ്യം. ഇത്തരം നല്ല സ്വപ്നങ്ങള്‍ സഫലമാകുന്ന വര്‍ഷമായിരിക്കട്ടെ 2015 എന്ന് പ്രത്യാശിക്കാം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.