കുടുംബസമേതം കഴിയുന്നവര്‍ക്ക് ആശങ്ക; സൗദിയില്‍ പ്രവാസികള്‍ക്ക് നികുതി
വെള്ളി, 23 ഡിസംബര്‍ 2016 (08:05 IST)
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് ഒരേസമയം ആശങ്കയും ആശ്വാസവും നല്‍കി സൗദി ബജറ്റ് പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് നിര്‍ണായകമായ ബജറ്റ് അവതരിപ്പിച്ചത്.
പ്രവാസികൾക്ക് പ്രതിമാസം 100 റിയാല്‍ മുതല്‍ 700 റിയാൽ വരെ നികുതി ചുമത്താനുള്ള തീരുമാനമാണ് ഏറ്റവും പ്രധാനം. ആശ്രിത വീസയിലുള്ളവർക്ക് പ്രതിമാസം 200 മുതൽ 400 റിയാൽ വരെയാണ് നികുതി. കുടുംബസമേതം കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രതിമാസം 100 റിയാല്‍ നല്‍കണം.
ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നാല്‍ ഓരോ കുടുംബാംഗത്തിനും വര്‍ഷത്തില്‍ 1,200 റിയാല്‍കൂടി അധികം നല്‍കേണ്ടിവരും. ഈ തുക എന്നു മുതല്‍ നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ല. സ്വദേശി വത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നികുതി നിയമവും രാജ്യത്ത് നടപ്പിലാക്കുന്നത്.
പ്രവാസികളുടെ വരുമാനം അനുസരിച്ച് മൂന്നു സ്ലാബുകളിൽ നികുതി ഏർപ്പെടുത്താനാണ് നിർദേശമെന്നാണ് സൂചന.
അതേസമയം, പ്രവാസികള്‍ക്ക് വരുമാന നികുതിയോ നാട്ടിലേക്ക് അയക്കുന്ന തുകക്ക് നികുതിയോ ഇല്ല. 2018 മുതല്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്തും.