നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തില്‍ കാണാതായവരെ തേടി യോദ്ധാ സിനിമയില്‍ റിംപോച്ചെയായി അഭിനയിച്ച സിദ്ധാര്‍ദ്ധ ലാമയും. നേപ്പാള്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടവരെ തേടി സോഷ്യല്‍ മീഡിയയിലാണ് സിദ്ധാര്‍ഥ രംഗത്ത് വന്നിരിക്കുന്നത്. നേപ്പാളിലെ സ്പോര്‍ട്സ് ഫോട്ടോ ജേര്‍ണലിസ്റ്റായ സുമന്‍ ബോംസാന്‍ ഉള്‍പ്പെടെ കാണാതായ സുഹൃത്തുക്കളെ തേടിയാണ് സിദ്ധാര്‍ഥ, കുറിപ്പ് എഴുതിയിരിക്കുന്നത്. സിദ്ധാര്‍ഥയുടെ കുറിപ്പ് ആയിരത്തിലേറെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
യോദ്ധ എന്ന സിനിമയിലൂടെ 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തിലെത്തിയ സിദ്ധാര്‍ഥ ലാമയെ എല്ലാവരും ഓര്‍ക്കുന്നത് 'അക്കോസോട്ടാ വിളിയുമായി മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച, മൊട്ടത്തലയും കുസൃതി വിടരുന്ന കണ്ണുകളുമുള്ള ബാലനായിട്ടാണ്. സിദ്ധാര്‍ഥ ലാമ കഠ്മണ്ഡുവിലാണ് ഇപ്പോള്‍ താമസം. വിഷ്വല്‍മീഡിയയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം. യോദ്ധായ്ക്കു പുറമേ 20 വര്‍ഷങ്ങള്‍ക്കു ശേഷം 2012ല്‍ ലെനില്‍ രാജേന്ദ്രന്റെ ഇടവപ്പാതിയില്‍ നായകനായി അഭിനയിച്ചു. നേപ്പാള്‍ ഡി കെയര്‍ സെന്ററിന്റെ ട്രഷറായ സുപ്രിയയാണ് ഭാര്യ. പ്രണയ വിവാഹമായിരുന്നു. ഒരു കുട്ടിയുണ്ട്.