ഏപ്രില്‍ 25 നുണ്ടായ ശക്തമായ ഭൂചലനത്തില്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനും എവര്‍ശ്റ്റിനും പിന്നാലെ ടിബറ്റിലെ രണ്ട് നഗരങ്ങള്‍ക്കും സ്ഥാന ചലനം സംഭവിച്ചതായി ചൈനീസ് ഗവേഷകര്‍. ചൈനയിലെ ഭൗമശാസ്ത്ര സര്‍വ്വകലാശാലയില്‍ നിന്നുളള ഗവേഷകരും ഭൂചലന ഭരണവിഭാഗവുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീറോംഗ് കൗണ്ടിയും ന്യാലം നഗരവുമാണ് ഭൂചലനത്തില്‍ അകന്നുമാറിയതെന്ന് ഗവേഷകര്‍ പറയുന്നു. ഈ രണ്ട് നഗരങ്ങളും തെക്കോട്ട് 60 സെന്റീമീറ്ററോളം നീങ്ങിയതായാണ് ഗവേഷകര്‍ പറഞ്ഞത്.
ന്യാലം നഗരം 10 സെന്റീമീറ്ററോളം താഴ്ന്നതായും വിദഗ്ധസംഘം ചൂണ്ടിക്കാട്ടുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്ററിനുള്ളില്‍ രണ്ടായിരത്തോളം സ്ഥലങ്ങളില്‍ പരിശോധന നടത്തിയാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് സംഘം അറിയിച്ചു. ചൈനയുടെ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായിരുന്നു ഏപ്രില്‍ 25 നുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.