നേപ്പാളില്‍ പ്രളയം; മരണം 100 കടന്നു

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (09:40 IST)
50 വര്‍ഷത്തിനിടെ നേപ്പാള്‍ കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നേപ്പാള്‍ മുങ്ങുന്നു. നേപ്പാളിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. 126 പേരെ കാണാതായി. 17,000 പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പോയി.

ഭേരി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സുര്‍ഖേത് ജില്ല വെള്ളത്തിനടിയിലായി. നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി.

സുര്‍ഖേതില്‍ മാത്രം മഴക്കെടുതിയില്‍ 28 പേര്‍ മരിച്ചു. 105 പേരെ കാണാതായി. കാഠ്മണ്ഡുവില്‍ നിന്ന് 350 കിമീ അകലെയുള്ള ബര്‍ദിയ ജില്ലയും വെള്ളത്തിലായി. ബബൈ നദി കരകവിഞ്ഞൊഴുകിയതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇവിടെ 19 പേര്‍ മരിച്ചു. 19,000 പേര്‍ക്ക് വീടുകള്‍ നഷ്ടമായി.