മരണം 6500 കവിഞ്ഞു, ഭീതിയുണര്‍ത്തി നേപ്പാളില്‍ വീണ്ടും ഭൂചലനം

Webdunia
ശനി, 2 മെയ് 2015 (17:50 IST)
ഭൂകമ്പം കനത്ത നാശം വിതച്ച നേപ്പാളിൽ മരണം 6500 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന തിരച്ചിൽ തുടരുകയാണ്. ആരെങ്കിലും ഇനി ഇവിടെ ജീവനോടെ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരവക്താവ് അറിയിച്ചു. ഇതിൽ പരുക്കേറ്റവരുടെ എണ്ണം 14021 ആണെന്നും സർക്കാർ അറിയിച്ചു.

അതേസമയം നേപ്പാളിനെ ഭീതിയിലാക്കി രാജ്യത്ത് തുടര്‍ചലനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 11 മണിയേടെ വീണ്ടും നേപ്പാളില്‍ ഭൂചലനമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടർ സ്കെയിലിൽ തീവ്രത 4.5 രേഖപ്പെടുത്തി. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നു 150 കിലോമീറ്റർ അകലെ നാരായണഘട്ടിലാണ് സെക്കന്റുകൾ നീണ്ടുനിന്ന തുടർ ചലനം ഉണ്ടായത്. ഇതുകൂടാതെ പുലർച്ചെ 3.55 നും 5.55നും ചെറിയ തുടർചലനങ്ങൾ ഉണ്ടായെന്ന് ദ ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഉണ്ടായ ഭൂചനലത്തിന്റെ തീവ്രത 7.9 ആയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.