Malidives: ടൂറിസം തകര്‍ന്നാല്‍ മാലിദ്വീപില്ല, ബുക്കിംഗുകള്‍ പുനരാരംഭിക്കാന്‍ അഭ്യര്‍ഥിച്ച് മാലിദ്വീപ് ടൂറിസം സംഘടന

അഭിറാം മനോഹർ

ബുധന്‍, 10 ജനുവരി 2024 (16:57 IST)
മാലിദ്വീപിലേക്ക് ബുക്ക് ചെയ്ത വിമാനയാത്രകള്‍ റദ്ദാക്കിയ ട്രാവല്‍ ഏജന്‍സിയായ ഈസി ട്രിപ്പിനോട് ബുക്കിംഗുകള്‍ പുനരാരംഭിക്കാന്‍ അഭ്യര്‍ഥിച്ച് മാലിദ്വീപ് അസോസിയേഷന്‍ ഓഫ് ടൂര്‍ ആന്ദ് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ്. ഈസി ട്രിപ് സിഇഒ നിഷാന്ത് പിറ്റിയെ അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പ്രാധാന്യത്തെ പറ്റി ഊന്നിപറയുന്നു. മാലിദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കാന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യര്‍ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ടൂറിസം സംഘടനയുടെ ഈ പ്രസ്താവന.
 
രാഷ്ട്രീയത്തിന് അതീതമായി നമ്മുടെ രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ബന്ധങ്ങള്‍ ഇങ്ങള്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഇന്ത്യന്‍ പങ്കാളികളെ സഹോദരങ്ങളായി ഞങ്ങള്‍ കണക്കാക്കുന്നു. ടൂറിസം മാലിദ്വീപിന്റെ ജീവനാഡിയാണ്. രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നില്‍ രണ്ട് ഭാഗവും സംഭാവന ചെയ്യുന്നത് ടൂറിസമാണ്. ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നത് മാലിദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കും. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ മാലിദ്വീപിന്റെ ടൂറിസം വിജയത്തില്‍ ഒഴിച്ചുകൂട്ടാനാവാത്ത ശക്തിയാണ്. വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെ ഭിന്നിപ്പുണ്ടാക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും എംഎടിഎടിഒ അഭ്യര്‍ഥിച്ചു.
 
ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്കെതിരെ മാലിദ്വീപ് മന്ത്രിമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് മാലിദ്വീപിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയതായി ഈസി ട്രിപ്പ് അറിയിച്ചത്. പ്രശസ്തരായ പലരും സംഭവത്തിന് ശേഷം തങ്ങളുടെ മാലിദ്വീപ് പ്ലാനുകള്‍ റദ്ദാക്കിയതായി സമൂഹമാധ്യമങ്ങള്‍ അറിയിച്ചതും മാലിദ്വീപിനെ ബാധിച്ചിരുന്നു. അതിനിടെ അഞ്ച് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ മാലിദ്വീപ് പ്രസിഡന്റ് കൂടുതല്‍ സഞ്ചാരികളെ അയക്കാന്‍ ചൈനയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍