മലാലയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു
നോബല്‍ പുരസ്‌ക്കാര ജേതാവും പാകിസ്ഥാനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായിയെ കുറിച്ച് ഹ്രസ്വചിത്രം ഒരുങ്ങുന്നു. നാഷണല്‍ ജ്യോഗ്രഫിക് ചാനലാണ് മലാലയുടെ ജീവിതം ഡോക്യുമെന്ററിയാക്കുന്നത്. ‘ഹി നെയിംഡ് മി മലാല’എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി 45 ഭാഷകളിലായി 171 രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ച കുറ്റത്തിന് പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തിനിരയായ മലാലയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അക്കാഡമി അവാര്‍ഡ് ജേതാവായ ഫിലിപ് ഡേവിസ് ഗഗന്‍ഹേമാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
2016-ഓടെ ചിത്രം നാഷണല്‍ ജ്യോഗ്രഫിക് ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചാനല്‍ സി.ഇ.ഒ കോട്‌നി മണ്‍റോ വ്യക്തമാക്കി.