മുന്‍ റഷ്യന്‍ ചാരന്റെ കൊലപാതകത്തില്‍ വ്‌ളാഡ്‌മിര്‍ പുടിനു പങ്കുണ്ടെന്ന് ബ്രിട്ടിഷ് ഏജന്‍സി റിപ്പോര്‍ട്ട്

Webdunia
വെള്ളി, 22 ജനുവരി 2016 (11:48 IST)
അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയെന്ന റഷ്യന്‍ ചാരന്റെ കൊലപാതകത്തിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്‌മിര്‍ പുടിനു പങ്കുണ്ടെന്ന് ബ്രിട്ടിഷ് ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ജഡ്ജി റോബര്‍ട്ട് ഓവന്‍ പുറത്തുവിട്ട 300 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് പുടിന്റെ ഇടപെടല്‍ പരാമര്‍ശിച്ചിരിക്കുന്നത്.

അതേസമയം, റിപ്പോര്‍ട്ടിനെതിരെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.  അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്നാണ് മന്ത്രാലയത്തിന്റെ ആരോപണം. അന്വേഷണത്തില്‍ സുതാര്യതയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. എഫ് എസ് ബിക്കും പുടിനുമെതിരെ രൂക്ഷവിമര്‍ശങ്ങള്‍ ഉന്നയിച്ച് 2000ല്‍ ആണ് ലിറ്റ്വിനെങ്കോ ബ്രിട്ടണില്‍ അഭയം തേടിയത്. റഷ്യയില്‍ നടക്കുന്ന മാഫിയ പ്രവര്‍ത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും പുടിന് വ്യക്തമായ പങ്കുണ്ടെന്ന് ലിറ്റ്വിനെങ്കോ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ലിറ്റ്വിനെങ്കോ ഭീഷണിയായിത്തീരുമെന്ന് കരുതിയാണ് അദ്ദേഹത്തെ വധിക്കാന്‍ ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2006 നവംബറില്‍ തന്റെ നാല്‍പ്പത്തിമൂന്നാം വയസ്സിലാണ് ലിറ്റ്വിനെങ്കോ മരിച്ചത്. മരിക്കുന്നതിന്റെ മൂന്നാഴ്ച മുമ്പ് ലണ്ടനിലെ ഒരു ഹോട്ടലില്‍ വെച്ച് ചായയില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  ലിറ്റ്വിനെങ്കോയുടെ ശരീരത്തില്‍ നിന്ന് പൊളോണിയത്തിന്റെ അംശം അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു.

ഇതിനുപുറമെ, പുടിന്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മരണക്കിടക്കയില്‍ വെച്ചും അദ്ദേഹം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരോപണം റഷ്യ അന്നും നിഷേധിച്ചിരുന്നു