പാകിസ്ഥാന് വമ്പന്‍ തിരിച്ചടി: കുൽഭൂഷൺ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു
ബുധന്‍, 10 മെയ് 2017 (08:23 IST)
മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായകോടതി സ്‌റ്റേ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹേഗ് കോടതി പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് കത്ത് കൈമാറി. ഹരീഷ് സാൽവേയാണു ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര കോടതിയിൽ ഹാജരായത്.
ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക് സൈനികകോടതി വധശിക്ഷ വിധിച്ചത്. അദ്ദേഹത്തെ കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നായിരുന്നു പാക് അവകാശവാദം. ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു യാദവെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.
യാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പാക് തടവറയിലുള്ള യാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തുടര്‍ച്ചയായി തള്ളിയതും ഇന്ത്യ ശക്തമായി പ്രതിഷേധിക്കാന്‍ കാരണമായി.