സൌദി എണ്ണകമ്പനിയിൽ തീപിടിത്തം; മൂന്ന് മലയാളികളടക്കം 12 പേര്‍ മരിച്ചു

Webdunia
ഞായര്‍, 17 ഏപ്രില്‍ 2016 (09:56 IST)
സൌദി വ്യാവസായിക നഗരമായ ജുബൈലിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്നു മലയാളികള്‍ അടക്കം 12 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, വിന്‍സന്റ്, ഡാനിയല്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദേശസാത്കൃത സ്ഥാപനമായ  സൌദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന് കീഴിലുള്ള യുനൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനിയിലാണ് സംഭവം.

മരിച്ചവരില്‍ ഒമ്പതുപേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ ആറുപേര്‍ മംഗളൂരു സ്വദേശികളാണ്. ബാക്കി മൂന്ന് പേരും ഫിലിപ്പീന്‍സ് പൗരന്മാരാണ്. പതിവ് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച രാവിലെ 11.40 ന് റിയാക്ടറിലാണ് അഗ്നി പടര്‍ന്നതെന്ന് ജുബൈല്‍ റോയല്‍ കമീഷന്‍ വക്താവ് ഡോ അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

ആള്‍ത്തുളയില്‍ ഇറങ്ങി 25-ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടയായിരുന്നു അപകടം. അഗ്നിബാധയെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് അപകടം ഉണ്ടായത്. ഫാക്ടറിയിലെ ചൂളയില്‍ ജോലി ചെയ്ത 30 ഓളം സാങ്കേതിക വിദഗ്ധരും സഹായികളുമാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ 12 തൊഴിലാളികള്‍ മരിക്കുകയും താഴെ തട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയമായിരുന്നു. പരിക്കേറ്റവര്‍ സമീപത്തെ മുവാസാത്, അല്മാനിഅ റോയല്‍ കമ്മിഷന്‍ എന്നീ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം