വനിതാ വെയ്‌റ്ററുടെ പോണി ടെയ്‌ലി‌ല്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ കൈക്രിയ

Webdunia
ബുധന്‍, 22 ഏപ്രില്‍ 2015 (14:15 IST)
വനിതാ വെയ്റ്ററോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കി മാപ്പ് പറഞ്ഞ് സംഭവത്തില്‍ നിന്ന് തലയൂരി. ഓക്ലന്‍ഡിലെ ഒരു കഫേയിലെ വനിതാ വെയ്റ്ററുടെ പോണി ടെയ്ലില്‍ പിടിച്ചു വലിച്ച പ്രധാനമന്ത്രിയുടെ കൈക്രിയ ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങളോടാണ് മാധ്യമങ്ങള്‍ ഉപമിച്ചത്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തി ഏറേ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഓക്ലന്‍ഡിലെ ഒരു കഫേയിലെ വനിതാ വെയ്റ്റര്‍ തന്റെ ബ്ളോഗിലൂടെയാണ് പ്രധാനമന്ത്രി ജോണ്‍ കി നടത്തിയ കൈക്രിയയെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. തന്റെ മുടിയില്‍ പിടിക്കരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും അദ്ദേഹം അത് കാര്യമാക്കിയില്ല. കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അദ്ദേഹം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇങ്ങനെ പെരുമാറുന്നത് തനിക്ക് ഇഷ്‌ടമല്ലെന്ന് അദ്ദേഹത്തിന്‍റെ സുരക്ഷാ ജീവനക്കാരോട് പറയുകയും ചെയ്തു. പിന്നീട് നേരിട്ട് പ്രധാനമന്ത്രിയോട് തന്നെ പറഞ്ഞെങ്കിലും ഇത് വീണ്ടും തുടരുകയായിരുന്നുവെന്നും അവര്‍ ബ്ളോഗില്‍ കുറിച്ചു.

അതേസമയം സംഭവത്തെ ന്യായീകരിച്ച് ജോണിന്‍റെ ഓഫീസ് രംഗത്തെത്തി. അദ്ദേഹം ലാഘവ ഹൃദയത്തോടെയാണ് അങ്ങനെ പ്രവര്‍ത്തിച്ചതെന്നും അതില്‍ ഖേദിക്കുന്നതായും ഓഫീസ് അറിയിച്ചു. കഫേയിലെ ജീവനക്കാരുമായി താന്‍ ഊഷ്മളമായ സൗഹൃദം സൂക്ഷിച്ചിരുന്നതായാണ് ഇതെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് ജോണ്‍ പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.