ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പര: മൂന്നു പേര്‍ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 14 ജനുവരി 2016 (11:10 IST)
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പര. വ്യാഴാഴ്ച രാവിലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. തുടര്‍ച്ചയായുണ്ടായ ആറ് സ്ഫോടനങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
 
സ്ഫോടനങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍ ബക്‌സ് കഫേയ്‌ക്കു സമീപമായിരുന്നു ആദ്യ സ്ഫോടനം ഉണ്ടായത്. രണ്ടാമത്തെ സ്ഫോടനം തലസ്ഥാനത്തെ പ്രമുഖ മാള്‍ ആയ സറിന മാളിലായിരുന്നു. പിന്നീട് ഉണ്ടായ സ്ഫോടനങ്ങള്‍ ജക്കാര്‍ത്തയിലെ തുര്‍ക്കി, പാകിസ്ഥാന്‍ എംബസികള്‍ക്കു സമീപമായിരുന്നു. രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്.
 
നഗരത്തിലെ ഒരു പ്രധാന പൊലീസ് ഔട്ട് പോസ്റ്റ് സ്ഫോടനത്തിൽ തകര്‍ന്നതായും വെടിവെപ്പ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.