സെപ്റ്റംബര്‍ 23 തിങ്കളാഴ്ച ലെബനനിലെ വിവിധ സ്ഥലങ്ങളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 350 കടന്നു. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച വ്യോമാക്രമണത്തില്‍ 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരും. ഹിസ്ബുല്ലയ്‌ക്കെതിരെയാണ് തങ്ങളുടെ ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ദക്ഷിണ, പടിഞ്ഞാറന്‍ ലെബനനിലുള്ളവരോട് അതിവേഗം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിസ്ബുല്ല തീവ്രവാദികള്‍ക്കെതിരെയാണ് തങ്ങളുടെ ആക്രമണമെന്നും ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് മറ്റുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നും ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ലെബനനിലെ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണ് ഇത്.
ഈ താക്കീത് വളരെ ഗൗരവത്തില്‍ എടുക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യോമാക്രമണത്തില്‍ 1,246 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുല്ല മൂന്നാമത്തെ കമാന്‍ഡറായ അലി കരാക്കെയെ ലക്ഷ്യമിട്ടാണ് ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. അതേസമയം കരാക്കെ സുരക്ഷിതനാണെന്നും ഹിസ്ബുല്ല അവകാശപ്പെടുന്നു. തെക്കന്‍ ലെബനനില്‍ അടക്കം ഏകദേശം 800 ഹിസ്ബുല്ല ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെടുന്നു.