Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

രേണുക വേണു

ബുധന്‍, 11 ജൂണ്‍ 2025 (16:09 IST)
Kerala Weather Updates

Kerala Weather: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തീരദേശത്ത് ആന്ധ്രാപ്രദേശിനു മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
 
കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 14-16 തിയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 11-17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 12 മുതല്‍ 15 വരെ കേരളത്തിനു മുകളില്‍ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.
 
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
 
നാളെ (ജൂണ്‍ 12) കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലര്‍ട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
 
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
 
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍