ഇറാഖിലേയും സിറിയയിലേയും പിടിച്ചെടുത്ത പ്രദേശങ്ങളില്‍ കടുത്ത ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആധുനിക പരിഷ്കാരങ്ങള്‍ തങ്ങളുടെ പ്രദേശത്ത് എത്തുന്നതിന് നീരോധനം ഏര്‍പ്പെടുത്തി. സ്‌കിന്നി ജീന്‍സ് ഉള്‍പ്പെടെ വസ്‌ത്രധാരണത്തില്‍ പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവരും പുകവലിക്കാരും മൊബൈല്‍ഫോണില്‍ പാട്ടു കേള്‍ക്കുന്നവരുമെല്ലാം അഴിയെണ്ണുമെന്നാണ് പുതിയ കല്‍പ്പന.
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് പത്തുദിവസത്തെ കഠിനമായ ജയില്‍ ശിക്ഷയാണ് പറഞ്ഞിരിക്കുന്നത്. ഈ കാലയളവില്‍ ഇസ്‌ളാമിക പാഠം നല്‍കുകയും കാലാവധി പൂര്‍ത്തയാകുമ്പോള്‍ പരീക്ഷ നടത്തി വിജയിച്ചാല്‍ മാത്രം പുറത്തു വിടുകയും ചെയ്യും. പരീക്ഷ ജയിക്കാതിരുന്നാല്‍ പിഴ ഈടാക്കുകയും ജയിക്കും വരെ തടവിലിടുകയുമാകും ഫലം. പുകവലിക്കുക, പ്രാര്‍ത്ഥന കാര്യങ്ങളില്‍ താമസിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം നിര്‍ദ്ദയം ശിക്ഷിക്കപ്പെടുമെന്നും തീവ്രവാദികള്‍ പറഞ്ഞിട്ടുണ്ട്.
പിടിച്ചെടുത്ത സിറിയന്‍ പ്രദേശമായ റഖയില്‍ ഭരണപരിഷ്‌ക്കാരങ്ങള്‍ തുടങ്ങിയിട്ടുണ്ട്. റഖയില്‍ തന്നെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഐഎസ് വിരുദ്ധര്‍ ആണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി ക്രൂരമായ നടപടികളാണ് സംശയിക്കുന്നവരുടെ നേര്‍ക്ക് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഐ എസിനെ പേടിച്ച് ഐ എസ് വിരുദ്ധ സംഘടനയിലെ 12 പേര്‍ ഇവിടെനിന്ന് പലായനം ചെയ്തതായാണ് വിവരം.