രക്‍തപ്പുഴയായി സിറിയ; ഐഎസ് ആക്രണത്തില്‍ 76 മരണം, നൂറിലധികം പേര്‍ക്ക് പരുക്ക്

Webdunia
തിങ്കള്‍, 1 ഫെബ്രുവരി 2016 (10:08 IST)
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 76 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേര്‍ക്ക് പരുക്കേറ്റതിനാല്‍ മരണസംഖ്യ ഉയരുമെന്നുമാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച സയിദ സിനാബ് ജില്ലയില്‍ ഷിയാ ആരാധനാലയത്തിനു സമീപം മൂന്നിടങ്ങളിലായാണു സ്ഫോടനമുണ്ടായത്.

ഡമാസ്‌കസിലെ സയെദ സിനാബ് ജില്ലയില്‍ ഷിയാ വിഭാഗക്കാരുടെ പള്ളിക്കടുത്താണ് തുടര്‍ച്ചയായ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണത്തില്‍ 60പേര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്‌തും. ഇവിടെ 110 പേര്‍ക്കാണ് പരുക്കേറ്റത്. കൊവ സുദന്‍ മേഖലയില്‍ കാര്‍ ബോംബ് സ്ഫോടനമാണ് ആദ്യം ഉണ്ടായത്. പരുക്കേറ്റവരെ രക്ഷപ്പെടുത്താന്‍ സൈന്യവും പൊലീസും ശ്രമിക്കുന്നതിനിടെയാണ് സമീപത്ത് രണ്ട് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. നഗരത്തിലെ തിരക്കേറിയ തീര്‍ഥാടന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ലബനന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഷിയാ മുസ്ലിംകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രത്തിനു സമീപത്താണു ചാവേര്‍ സ്ഫോടനം നടന്നത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെയും തകര്‍ന്ന കെട്ടിടങ്ങളുടെയും ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.