അല്‍ക്വയ്‌ദ ക്യാമ്പില്‍ പട്ടിണിയും പരിവട്ടവും; ഭീകരര്‍ ഐസിലേക്ക് കൂടുമാറി

വ്യാഴം, 11 ജൂണ്‍ 2015 (15:14 IST)
കൊടും ഭീകരനായ ഉസാമ ബിന്‍ ലാദന്‍ മുന്നില്‍ നിന്ന് നയിച്ചിരുന്ന ഭീകര സംഘടനയായ അല്‍ക്വയ്‌ദ ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകര സംഘടനയുടെ അതിവേഗത്തിലുള്ള ശക്തമായ വളര്‍ച്ചയെ തുടര്‍ന്നാണ് അല്‍ക്വയ്‌ദയുടെ ശക്തി തകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം.
 
ഒസാമ ബിന്‍ ലാദന്റെ കാലശേഷം അല്‍ക്വയ്‌ദയുടെ ചുമതല ഏറ്റെടുത്ത് അയ്മന്‍ അല്‍ സവാഹിരിക്ക് സംഘടനയെ നയിക്കാന്‍ കഴിയാത്തതാണ് തകര്‍ച്ചയ്‌ക്ക് കാരണമായത്. ഈ സമയം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) അതിവേഗത്തില്‍ വളരുകയും ചെയ്തു. ആള്‍ബലത്തിലും സമ്പാദ്യത്തിലും ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനായായി തീരുകയും ചെയ്തു. ഇറാക്ക്, ലിബിയ,  സിറിയ എന്നീ രാജ്യങ്ങളില്‍ നടത്തിയ മുന്നേറ്റങ്ങളാണ് ഐഎസ് ഐഎസിനെ ശക്തരാക്കിയത്. 
 
ഈ രാജ്യങ്ങളിലെ സാമ്പത്തിക സ്രോതസുകള്‍ കൈവശമാക്കിയും എണ്ണ ഉല്‍‌പാദനവും വിതരണവും പിടിച്ചെടുത്തതുമാണ് ഐഎസ് ഐഎസിനെ ശക്തരാക്കിയത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തോതില്‍ പണപ്പിരിവ് നടത്തിയും തട്ടിക്കൊണ്ടു പോയ ശേഷം പണം വാങ്ങിയും കോടിക്കണക്കിന് ഡോളറാണ് അവര്‍ സ്വന്തമാക്കിയത്. സമ്പാദിക്കുന്ന പണം വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുകയും ചെയ്‌തു. ഈ പണം ഉപയോഗിച്ച് വാഹനങ്ങളും ആയുധങ്ങളും കൈവശമാക്കുന്നതിനും സാധിച്ചു.
 
അതേസമയം അല്‍ക്വയ്ദ സാമ്പത്തികമായി ക്ഷയിക്കുകയും ചെയ്തു. പണവും ആയുധങ്ങളും ഇല്ലാത്തതിനാല്‍ യുവാക്കള്‍ അടങ്ങുന്ന ആയിരക്കണക്കിനാളുകള്‍ ഐഎസ് ഐഎസിലേക്ക് ചേക്കേറുകയും ചെയ്തു. പ്രായം കുറഞ്ഞ കന്യകമാരായ പെണ്‍കുട്ടികളെ ധാരാളമായി ലഭിക്കുന്നതും യുവാക്കളെ ഐഎസ് ഐഎസിലേക്ക് ആകൃഷ്‌ടിച്ചു. 2013ല്‍ തീവ്രവാദക്കുറ്റം ചുമത്തി ബ്രിട്ടന്‍ നാടുകടത്തിയ അബു ഖതാബ, അബു മുഹമ്മദ് അല്‍ മഖ്ദിസി എന്നിവരാണ് അല്‍ക്വയ്ദയുടെ തളര്‍ച്ചയെക്കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്.  
 
അല്‍ക്വയ്ദയോടൊപ്പമുണ്ടായിരുന്ന അബുബക്കര്‍ അല്‍ ബഗ്ദാദി 2010ല്‍ ഐഎസിന്റെ പ്രാഥമിക രൂപമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന് രൂപം നല്‍കിയത് ബിന്‍ ലാദന്റെ അനുമതിയില്ലാതെയായിരുന്നു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് സിറിയയിലെ നുസ്ര ഫ്രണ്ടുമായി ചേര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഇന്നത്തെ ഭീകര സംഘടനയായി മാറി. ഐഎസിന്റെ രൂപമാറ്റത്തില്‍ സവാഹിരി അസ്വസ്ഥനായിരുന്നെന്നും ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇറാഖില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നു ബഗ്ദാദിയോടു സവാഹിരി നിര്‍ദേശിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

വെബ്ദുനിയ വായിക്കുക