ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പിലെത്തി, സായിപ്പന്മാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാവുകള്‍

Webdunia
തിങ്കള്‍, 18 മെയ് 2015 (16:10 IST)
ലിബിയന്‍ സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മെഡിറ്ററേനിയന്‍ കടലിലില്‍ കൂടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്ന അഭയാര്‍ഥികളുടെ കൂടെ ഇസ്ലാമിക് സ്റ്റേറ്റ്( ഐ‌എസ്) തീവ്രവാദികള്‍ യൂറോപ്പിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. മെഡിറററേനിയൻ അഭയാർത്ഥികളുടെ മറവിലാണ് യൂറോപ്പിലേക്ക് ഐസിസ് തങ്ങളുടെ ഭീകര പോരാളികളെ കടത്തുന്നതെന്ന് ലിബിയൻ ഇന്റലിജൻസ് വ്യക്താക്കിയിരുന്നു. ഇതിന് ഉപോദ്ബലകമായ തെളിവ് റോമില്‍ നിന്ന് ലഭിച്ചതാണ് യോറോപ്യന്മാര്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുന്നത്.

ഐ‌എസ്  യൂറോപ്പിൽ എത്തിക്കഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്ന വിധം ഭീഷണി നിറഞ്ഞ പോസ്റ്ററുകൾ റോമിലുടനീളം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതായാണ്ന്‍ വാര്‍ത്തകള്‍. യൂറോപ്യന്മാരോട് നാളുകള്‍ എണ്ണിക്കൊള്ളാന്‍ ഭീഷ്ണിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററാണ് റോമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇത്തരം പോസ്റ്ററുകളുടെ ചിത്രം ഐ‌എസ് അനുയായികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നുമുണ്ട്.

ഇറ്റലിയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലും റെയിൽ വേസ്റ്റേഷനുകളിലും ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇത്തരം പോസ്റ്ററുകളിൽ ഇസ്ലാമിക് സ്റ്റേററിന്റെ ലോഗോയും ഇസ്ലാമിക് സ്‌റ്റേറ്റ് ഇൻ റോം എന്ന സന്ദേശവും പതിച്ചിരിക്കുന്നതായി കാണാം. ഞങ്ങൾ നിങ്ങളുടെ തെരുവുകളിലെത്തിയെന്ന സന്ദേശവും ഇതിനൊപ്പം കാണാം. ഇവർ ഇവിടെ എത്തിക്കഴിഞ്ഞുവെന്നാണ് ഇത്തരം പോസ്റ്ററുകൾ വ്യക്തമാക്കുന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇതാദ്യമായാണ് ജിഹാദി ഗ്രൂപ്പുകൾ റോമിലെത്തിയെന്ന സൂചന നൽകിയിരിക്കുന്നത്.

വത്തിക്കാൻ പിടിച്ചെടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് ഐസിസ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഈ പോസ്റ്ററുകൾക്ക് ഗൗരവമേറെയുണ്ട്. ടെക്‌സാസിൽ മുഹമ്മദ് നബി കാർട്ടൂൺ എക്‌സിബിഷൻ പരിസരത്ത് വെടിവയ്പ് നടത്തി തങ്ങൾ പാശ്ചാത്യരാജ്യങ്ങളിലെ ആക്രമണത്തിന് തുടക്കം കുറിച്ചുവെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഐസിസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടനിൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണിയും ഐ‌എസ് ഉയര്‍ത്തിയിരുന്നു.