ഐഎസ് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു; ഈ നീക്കം അതിനുള്ള ആദ്യപടിയോ ?

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2016 (16:08 IST)
ലോകസമാധാനത്തെ വെല്ലുവിളിച്ച് മുന്നേറുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ നിലനില്‍പ്പ് കൂടുതല്‍ ഗുരുതരമാകുന്നു. കുർദ് പോരാളികളേയും ഐഎസിനേയും ലക്ഷ്യമിട്ടുകൊണ്ട് ടാങ്കുകളും പോർവിമാനങ്ങളുമായി തുർക്കിയുടെ പ്രത്യേക സേന സിറിയയിലേക്ക് പ്രവേശിച്ചതോടെയാണ് പുതിയ സാഹചര്യം സംജാതമാകുന്നത്.

സിറിയന്‍ വിമതസേനയുടെ സഹകരണത്തോടെ ഉത്തര സിറിയയിലേക്കുള്ള തുര്‍ക്കി സേനയുടെ സൈനിക നീക്കത്തെ അമേരിക്കന്‍ പോര്‍വിമാനങ്ങളും പിന്തുണ നല്‍കി. ഇതാദ്യമായാണ് സിറിയയിൽ നാറ്റോ സഖ്യവുമായി സഹകരിച്ചുള്ള ഈ സൈനികനീക്കം. ഐഎസും കുർദു പോരാളികളുമാണു തുര്‍ക്കി സേനയുടെ ലക്ഷ്യമെന്നു തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ അറിയിച്ചു.

സിറിയയുടെ അതിര്‍ത്തിപട്ടണമായ ജറാബ്ലസിൽ രൂക്ഷമായ സൈനികാക്രമണമാണു തുർക്കിസേന നടത്തിയത്. ആറു തുർക്കി ടാങ്കുകൾ സിറിയൻ അതിർത്തി കടന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.  

ഐ എസിനെതിരെ തുര്‍ക്കിസേനയ്‌ക്ക് പിന്തുണയുമായി യുഎസ് പോര്‍വിമാനങ്ങള്‍ ഉണ്ടാകുമെങ്കിലും കുര്‍ദ് വിരുദ്ധ നടപടികളെ അനുകൂലിക്കില്ലെന്നു യുഎസ് വ്യക്തമാക്കുന്നുണ്ട്. തുര്‍ക്കിയിലെ കുര്‍ദ് വിമതരുടെ ഭാഗമാണ് സിറിയയിലെ കുര്‍ദ് പോരാളികള്‍ എന്നാണ് തുര്‍ക്കിയുടെ വാദം.

എന്നാല്‍ സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ കുര്‍ദുകള്‍ ഉറച്ച സഖ്യകകഷിയാണെന്ന നിലപാടിലാണ് യുഎസ്. തുര്‍ക്കിയുടെ ആക്രമണം ആരംഭിച്ചയുടന്‍ തുര്‍ക്കി സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അങ്കാറയിലെത്തിയെന്നതും ആശാവഹമാണ്.

തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കി ആക്രമണം ശക്തമാക്കിയാല്‍ സാഹചര്യം ഗുരുതരമാകുമെന്ന ആശങ്കയിലാണ് ഐ എസ്. അംഗബലം കുറയുന്നതിനൊപ്പം വരുമാനവും ഇല്ലാതാകുന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭീകരര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
Next Article