തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്ന് മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലില്‍. എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. പാസ്പോർട്ട് ഇല്ലാത്തതാണ് മടക്ക യാത്രയ്ക്കുള്ള മുഖ്യ പ്രശ്നം. പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാസ്പോർട്ട് ഉടൻതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. തട്ടികൊണ്ടു പോയത് എന്തിനാണെന്ന് ഒരിക്കല്‍ പോലും ഭീകരര്‍ പറഞ്ഞിട്ടില്ല. തന്നെ മോചിപ്പിക്കാൻ ആരെങ്കിലും പണം നല്‍കിയോ എന്ന കാര്യം അറിയില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണെന്നും സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഫാ. ടോം വ്യക്തമാക്കി.
ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണ്. തടവില്‍ കഴിഞ്ഞപ്പോള്‍ ഡോക്ടറുടെ സേവനമടക്കമുള്ള സഹായങ്ങള്‍ ഭീകരര്‍ നല്‍കിയിരുന്നു. ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. ഇതിനിടെ മൂന്ന് പ്രാവശ്യം താമസ സ്ഥലങ്ങള്‍ മാറ്റി. കണ്ണു മൂടിക്കെട്ടിയാണ് കൊണ്ടു പോയിരുന്നത്. അറബിക്കാണു ഭീകരര്‍ സംസാരിച്ചിരുന്നത്. ഇംഗ്ലീഷ് അവര്‍ക്ക് കാര്യമായി അറിയില്ലായിരുന്നു. അതിനാല്‍ അവരുമായി സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും ഫാ. ടോം പറഞ്ഞു.
തടവില്‍ കഴിഞ്ഞിരുന്ന കാലത്ത് ഒരു വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മനസില്‍ പ്രാര്‍ഥനയും കുര്‍ബാനയും നടത്തിയിരുന്നുവെന്നും ഉഴന്നാലില്‍ കൂട്ടിച്ചേര്‍ത്തു.
വത്തിക്കാന്‍ അധികൃതര്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്നാണ് ഉഴന്നാലിനെ മോചിപ്പിച്ചത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്.