ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്‍ വത്തിക്കാനില്‍; വിജയം കണ്ടത് ഒമാന്റെയും വത്തിക്കാന്റെയും ഇടപെടല്‍

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (20:55 IST)
ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ മോചിപ്പിച്ചു. ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനമെന്നാണ് റിപ്പോര്‍ട്ട്. മസ്‌കറ്റിലെത്തിയ ഫാദര്‍ ടോം വത്തിക്കാനിലെത്തി. അദ്ദേഹം ഫ്രാന്‍‌സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഒമാന്‍ വഴിയുളള വത്തിക്കാന്‍ ഇടപെടലിനെ തുടര്‍ന്നാണ് ഉഴുന്നാലിലിന്‍റെ മോചനം സാധ്യമായതെന്നാണ് വിവരങ്ങള്‍.  ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ തടവറയില്‍ നിന്നും ഇന്നു രാവിലെ മോചിതനായ ഫാ. ടോം ഉച്ചയോടെ മസ്‌കറ്റില്‍ എത്തി. അദ്ദേഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

വത്തിക്കാന്‍ അധികൃതര്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്നാണ്  ഉഴന്നാലിനെ മോചിപ്പിച്ചത്. ഒമാന്‍ ഭരണാധികാരിയുടെ ഇടപെടലാണ് നിര്‍ണായകമായത്. ഒമാന്‍ സര്‍ക്കാര്‍ അധികൃതര്‍ നേരിട്ട് എത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അതേസമയം, ഉഴുന്നാലിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

ഉഴുന്നാലിന്‍റെ മോചനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പുറത്തുവന്ന വാര്‍ത്തയില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍