ഇസ്രായേല്‍ വീണ്ടും യുദ്ധത്തിനിറങ്ങിയാല്‍ അവരെ നിശബ്ദമാക്കുന്ന തിരിച്ചടിയാകും ഇറാന്റെ ഭാഗത്ത് നിന്നുണ്ടാവുകയെന്ന് ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ റഹീം മൗസാവി. അങ്ങനൊരു തിരിച്ചടിയുണ്ടായാല്‍ നെതന്യാഹുവിനെ രക്ഷിക്കാന്‍ യുഎസിന് പോലും സാധിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാനില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഇറാന്‍ സായുധസേനാ മേധാവിയുടെ അവകാശവാദം.
ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമൈനിയുടെ ആഹ്വാനപ്രകാരം ഒരു പ്രത്യാക്രമണം ഇറാന്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാലത് നടപ്പിലാക്കാന്‍ അവസരം ലഭിച്ചില്ല. പക്ഷേ വീണ്ടും ഇസ്രായേല്‍ അതിക്രമമുണ്ടായാല്‍ രാജ്യം തീര്‍ച്ചയായും അത് നടപ്പിലാക്കും. ഇറാന്‍ സൈനികമേധാവി പറഞ്ഞു. അവര്‍ ഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ അറിയും. ആ ഘട്ടത്തില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ രക്ഷിക്കാന്‍ അമേരിക്കയ്ക്ക് പോലും ആവില്ല. ഇറാനിയന്‍ ജനത അതിന്റെ അന്തസ്സും സ്വാതന്ത്ര്യവും എളുപ്പത്തില്‍ നേടിയെടുത്തതല്ല. ബാലഘാതകരായ ഭീകരരെ അവരുടെ സ്ഥാനത്തെത്തിക്കും വരെ അടങ്ങിയിരിക്കില്ലെന്നും മൗസാവി പറഞ്ഞു.