ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ കുത്തകയല്ലെന്ന് ചൈനയുടെ ഭീഷണി

Webdunia
വ്യാഴം, 2 ജൂലൈ 2015 (13:06 IST)
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വത്തിനെതിരെ ചൈനയുടെ ഭീഷണി. സമുദ്രം ഇന്ത്യയുടെ കുത്തകയല്ലെന്നാണ് ചൈന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  മാലിദ്വീപിലെ മുപ്പതോളം ദ്വീപുകള്‍ പാട്ടത്തിനെടുത്തതിനു ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

ഓള്‍ ചൈനീസ് ജേര്‍ണലിസ്റ്റ് യൂണിയന്റെ ക്ഷണപ്രകാരം ചൈനയിലെത്തിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ചൈനയുടെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഷാവോയിയാണ് ചൈനീസ് നിലപാട് വ്യക്തമാക്കിയത്. റഷ്യ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളേപ്പോലെ തന്നെ മറ്റ് രാജ്യത്തെ നാവികര്‍ക്കും മേഖലയില്‍ പ്രവേശിക്കാന്‍ അര്‍ഹതയുണ്ടെന്നും ഒരാള്‍ മാത്രം അത് കൈയ്യടക്കി വച്ചാല്‍ അത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രകോപനമുണ്ടായാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കാനും ചൈനീസ് പ്രതിരോധ വക്താവ് യാങ് യു ജുന്‍ മറന്നില്ല. ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ ചൊല്ലി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുമെന്ന് അമേരിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ചൈനയുടെ നിലപാട്.