ഇന്ത്യ തിരയുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി ഇന്ത്യയും യുഎസും കൈകോര്‍ക്കുന്നു. ഇതിനായി അമേരിക്കന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ തീവ്രവാദ വിരുദ്ധ വിഭാഗവുമായി ഇന്ത്യ കരാറിലേര്‍പ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പൊര്‍ട്ടുകള്‍.
നിലവില്‍ 30 ഓളം രാജ്യങ്ങളുമായി അമേരിക്ക ഇത്തരത്തില്‍ കരാറുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ പാക്കിസ്ഥാന് കൈമാറുന്നതിനായി ഇന്ത്യ ശേഖരിച്ചിരുന്നു. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ദാവൂദ് ഇബ്രാഹിമിനെ കൂടാതെ 2011 ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഖ്‌വി, 93 ലെ മുംബൈ സ്‌ഫോടനങ്ങളുടെ സൂത്രധാരനായ ടൈഗര്‍ മേമന്‍ എന്നിവരെ പിടികൂടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വേഗം കൂടും.