അടിച്ചുപൂസായശേഷം യുവാവ് വീട്ടിലെത്തി ഉറങ്ങി, ഉണര്‍ന്നപ്പോള്‍ വീട്ടുകാര്‍ ചോദിച്ചു - “താനാരാ?”

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (20:58 IST)
കുടിച്ച് കുന്തം‌മറിഞ്ഞ് വീട്ടില്‍ ചെന്നുകിടന്നുറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി. രാവിലെ ഉറക്കമുണര്‍ന്ന യുവാവ് ആകെ ഞെട്ടി. തന്‍റെ വീടിന് മൊത്തത്തില്‍ ഒരു മാറ്റം. താന്‍ കിടക്കുന്നത് ഒരു സോഫയിലാണ്. അത്തരമൊരു സോഫ ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ല.
 
‘വീടിനിതെന്തുപറ്റി?’ എന്ന് അന്തം‌വിട്ട് ചിന്തിച്ചുകൊണ്ടിരിക്കെ തീര്‍ത്തും അപരിചിതരായ ഒരു പുരുഷനും സ്ത്രീയും വന്ന് യുവാവിനോട് ചോദിച്ചു - “താനാരാ?”. അപ്പോഴാണ് സംഗതിയുടെ കിടപ്പുവശം യുവാവിന് ഏകദേശം മനസിലായത്. കുടിച്ച് ബോധംകെട്ട് വന്നുകിടന്നുറങ്ങിയത് മറ്റൊരു വീട്ടിലാണ്!
 
പിന്നീട് വേറൊരു കാര്യം കൂടി മനസിലാക്കി. രാത്രി ബോധമില്ലാതെ വന്ന് വീട്ടില്‍ കയറി ഉറങ്ങുന്നതിന് മുമ്പ് അവിടത്തെ അടുക്കളയില്‍ പോയി ന്യൂഡില്‍‌സ് ഉണ്ടാക്കി കഴിച്ചിരിക്കുന്നു. എന്തുപറയാനാണല്ലേ!
 
ഗ്ലാസ്ഗോയിലാണ് സംഭവം. രാത്രി വെള്ളമടി പാര്‍ട്ടി കഴിഞ്ഞ് ഒരു ടാക്സി വിളിച്ച് യുവാവ് വീട്ടിലേക്ക് പോയതാണ്. ടാക്സിക്കാരന് വഴിതെറ്റി മറ്റൊരു വീട്ടില്‍ കൊണ്ടുചെന്നാക്കുകയായിരുന്നു. വെളിവും വെള്ളിയാഴ്ചയുമില്ലാത്ത യുവാവ് സ്വന്തം വീടാണെന്ന് കരുതി ആ വീട്ടില്‍ കയറുകയും അവിടെ കിടന്നുറങ്ങുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article