ഇറ്റാലിയന്‍ ശസ്‌ത്രക്രിയാവിദഗ്‌ധനായ സെര്‍ജിയോ കനവരോ വാദിക്കുന്ന തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആദ്യമായി വിധേയനാകുന്നത് ആരായിരിക്കും എന്ന ചര്‍ച്ചകള്‍ മുറുകന്നതിനിടെ അത് ഒരു റഷ്യക്കാരനായിരിക്കുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നിതക തകരാര്‍ മൂലം മാംസപേശികള്‍ നശിക്കുന്ന രോഗത്തിന് അടിമയായ വലേരി സ്‌പിരിദോനോവ് എന്ന കമ്പ്യൂട്ടര്‍ വിദഗ്‌ധനാണ് ആദ്യത്തെ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് വര്‍ഷത്തിനുള്ളില്‍ തലമറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയും എന്നാണ് ഇറ്റാലിയന്‍ ശസ്‌ത്രക്രിയാവിദഗ്‌ധനായ സെര്‍ജിയോ കനവരോ വാദിക്കുന്നത്. എന്നാല്‍ ഇതേവരെ നടന്നിട്ടില്ലാത്ത അപകടം നിറഞ്ഞ് ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറണമെന്ന് വലേരിയോട് അയാളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്‌ളാദിമിറില്‍ നിന്നുള്ള 30 കാരനായ വലേരിയുടെ ശരീരം അനുദിനം തളര്‍ന്നുകൊണ്ടിരിക്കുകയാണ്. ജീവിതം പൂര്‍ണമായും ചക്രക്കസേരയിലായ വലേരിക്ക് എങ്ങനെയെങ്കിലും തന്റെ തല ആരോഗ്യമുള്ള മറ്റൊരു ശരീരത്തില്‍ വച്ചുപിടിപ്പിച്ചാല്‍ മതിയെന്നായി.
ഇങ്ങനെ അനായാസ ജീവിതം നയിക്കാനാണ് വലേരി ആഗ്രഹിക്കുന്നത്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് സെര്‍ജിയോ കനവരോ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമാകുമെന്ന് ലോകത്തെ അറിയിച്ചത്. എന്നാല്‍ വൈദ്യശാസ്ത്ര രംഗത്ത് വമ്പന്‍ വിപ്ലവങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന ഈ ശസ്ത്രക്രിയയ്ക്കെതിരെ നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. യു എസിലെ ഏതെങ്കിലും പ്രധാനപ്പെട്ട മെഡിക്കല്‍ സെന്ററിന്റെ പിന്തുണയോടെ തലമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്താനാണ് കനവരോ ആഗ്രഹിക്കുന്നത്. യുഎസില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെങ്കില്‍ ചൈനയുടെ പിന്തുണ തേടാനും നീക്കമുണ്ട്. 150 പേരുളള മെഡിക്കല്‍ സംഘം 36 മണിക്കൂര്‍ ശ്രമിച്ചാലാവും തലമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്താനാവുക.