ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചു; ഇസ്രായേല്‍ തിരിച്ചടിക്കാന്‍ തുടങ്ങി

Webdunia
വെള്ളി, 8 ഓഗസ്റ്റ് 2014 (16:11 IST)
മൂന്നുദിവസമായി തുടരുന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍. ഹമാസിന് മറുപടിയായി ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി.

ഗാസ സ്ട്രിപ്പലിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താനാണ് നെതന്യാഹൂ നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വന്നതിനു പുറമേ ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ വടക്കന്‍ ഗാസയിലെ ജബലിയയില്‍ ആക്രമണം നടത്തിയതായി പലസ്തീന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ ആക്രമണം നടന്നത്. ഇതോടെ മേഖലയില്‍ മൂന്നു ദിവസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാറാണ് ലംഘിക്കപ്പെട്ടത്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഗാസയുടെ വടക്ക്, കിഴക്കന്‍ മേഖലയില്‍ ഇസ്രായേല്‍ ഷെല്‍ വര്‍ഷം നടത്തിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നാലാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ 1940 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 1890 പേര്‍ പലസ്തീനികളാണ്. 900 സൈനികരും ഇതില്‍പെടും. ഇസ്രായേലിന്റെ ഭാഗത്ത് 64 സൈനികരാണ് കൊല്ലപ്പെട്ടത്.