ഗതാഗതം നിയന്ത്രിക്കാനും ഗൂഗിള്‍ ഗ്ലാസ്!

Webdunia
ശനി, 24 മെയ് 2014 (14:37 IST)
ഗതാഗത നിയമ ലംഘകരെ കയ്യൊടെ പിടികൂടുന്നതിന്നതിനായി ദുബായ് പൊലീസ് ഗൂഗിള്‍ ഗ്ലാസ് അണിയുന്നു. ഗൂഗിള്‍ ഗ്ലാസും രണ്ട് ആപ്ളിക്കേഷനുകളും സംയോജിപ്പിച്ച് നിയമലംഘനം കണ്ടെത്തുന്ന സാങ്കേതികവിദ്യ ദുബൈ പൊലീസ് സമാര്‍ട്ട് സേവന വകുപ്പിന്‍െറ പരീക്ഷണത്തിലാണ്.

ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് നിയമലംഘനം നടത്തുന്ന വാഹനത്തിന്‍െറ ചിത്രം നിമിഷങ്ങള്‍ക്കകം പൊലീസ് വകുപ്പിന്‍െറ കമ്പ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യുന്ന ആപ്ളിക്കേഷനാണ് ഇതിലൊന്ന്. ഇങ്ങനെ കണ്ടെത്തുന്ന വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങളും മറ്റും കണ്ടെത്താനുള്ളതാണ് രണ്ടാമത്തെ ആപ്ളിക്കേഷന്‍.

പരീക്ഷണം വിജയിച്ചാല്‍ ഗതാഗത നിയമലംഘകരെ പൊലീസിന് എളുപ്പത്തില്‍ പിടികൂടാനാവും. ഗൂഗിള്‍ ഗ്ലാസിന്റെ വശങ്ങളില്‍ പൊലീസ് സ്പര്‍ശിക്കുന്നതോടെ ഫോട്ടോ എടുക്കപ്പെടുകയും ഫോട്ടോ എടുത്ത തിയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തുകയും ചെയ്യും.

ഇനി വാഹനമേതെന്ന് അറിയാനായി ഗ്ലാസ് ധരിച്ച് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലേക്ക് നോക്കിയാല്‍ മാത്രം മതിയാകും. അപ്പോഴേക്കും ഗതാഗത വകുപ്പിന്‍െറ രേഖകളില്‍നിന്ന് വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. പിടികിട്ടാപ്പുള്ളികള്‍ പിടിയിലാകുമെന്ന് സാരം.