15 വര്‍ഷത്തേ കാത്തിരിപ്പിനു വിരാമം, ഗീത ഇന്ത്യയിലേക്ക് വരുന്നു

Webdunia
വ്യാഴം, 15 ഒക്‌ടോബര്‍ 2015 (13:35 IST)
ഇന്ത്യയിലും പാകിസ്ഥാനിലും തരംഗം സൃഷ്ടിച്ച ബോളിവുഡ് സിനിമയായിരുന്നു സല്‍മാന്‍ ഖാന്‍ അഭിനയിച്ച ബജ്രംഗി ഭായ്‌ജാന്‍. ഇന്ത്യയില്‍ എത്തപ്പെട്ട പാക് അധീന കശ്മീരിലെ മൂകയായ പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ തിരികെ എത്തിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം. സിനിമ വലിയ ചര്‍ച്ചയായതൊടെ വാര്‍ത്തകളില്‍ നിറഞ്ഞ മറ്റൊരു യുവതിയുണ്ടായിരുന്നു പാകിസ്ഥാനില്. ഗീത എന്നാണ് അവളുടെ പേര്‍.

കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത ഗീതയെ 15 വര്‍ഷം മുമ്പാണ് പാകിസ്ഥാന്‍ അതിര്‍ത്തിരക്ഷാസേന കണ്ടെത്തുന്നത്.  ഇന്ന് 23 വയസുള്ള ഗീതയെ തിരികെ എത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും നടത്തിയെങ്കിലും പ്രതീക്ഷകള്‍ വിഫലമാവുമയായിരുന്നു. ഒടുവില്‍ ഇന്ത്യയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായി ബീഹാറിലാണ് ഗീതയുടെ മാതാപിതാക്കള്‍ എന്ന് തിരിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അയച്ചുകൊടുത്ത ഫോട്ടോഗ്രാഫില്‍ നിന്നും ഗീത അവളുടെ അച്ഛനേയും രണ്ടാനമ്മയേയും സഹോദരങ്ങളേയും തിരിച്ചറിയുകയായിരുന്നു. ഗീതയ്ക്ക് തിരിച്ചുവരുന്നതിനാവശ്യമായ ഔദ്യോഗിക രേഖകള്‍ എത്രയും പെട്ടന്ന് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

പാക് പഞ്ചാബിലെ അതിര്‍ത്തിഗ്രാമത്തില്‍ നിന്ന് റേഞ്ചേഴ്‌സ് ഭടന്മാര്‍ കണ്ടെത്തിയ ബാലികയുടെ സംരക്ഷണച്ചുമതല പാകിസ്ഥാനിലെ സന്നദ്ധ സംഘടനയായ എദി ഫൗണ്ടേഷന് കൈമാറുകയായിരുന്നു. കറാച്ചിയിലെ ശിശുമന്ദിരത്തില്‍ സംഘടനയുടെ അധ്യക്ഷ ബില്‍ക്കീസ് എദി അവള്‍ക്ക് 'ഗീത' എന്ന് പേരിട്ടു. ഇതിനിടെ, ഇന്ത്യയിലെ അവളുടെ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ബജ്രംഗി ഭായ്ജാന്‍' സിനിമയുടെ പശ്ചാത്തലത്തില്‍ ഗീത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇതോടെ എദി ഫൗണ്ടേഷന്റെ പ്രമുഖപ്രവര്‍ത്തകനും ബില്‍ക്കീസ് എദിയുടെ മകനുമായ ഫൈസല്‍ എദിയും സാമൂഹികപ്രവര്‍ത്തകനും മുന്‍ പാക് മന്ത്രിയുമായ അന്‍സാര്‍ ബര്‍ണിയും ചിത്രത്തിലെ നായകനെ പോലെ ഗീതയുടെ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ ബന്ധുക്കളെ കണ്ടെത്തി അവളെ തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക്  ഇന്ത്യയുടെ പൂര്‍ണസഹായം വിദേശമന്ത്രി സുഷമാ സ്വരാജും വാഗ്ദാനം ചെയ്തിരുന്നു.