ഒരു സൌഹൃദത്തിന്റെ പേരില്‍ അമേരിക്ക പ്രവേശനം നിഷേധിക്കുക. പ്രവേശനം നിഷേധിച്ചിട്ടും അമേരിക്കയെ വകവെയ്ക്കാതെ ആ സൌഹൃദം തുടരുക്ക. ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയും നൊബേല്‍ ജേതാവ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസും തമ്മിലുള്ള സൌഹൃദമായിരുന്നു അത്.
കാസ്ട്രോയുമായുള്ള സൌഹൃദത്തിന്റെ പേരില്‍ ദശാബ്ദ കാലത്തോളം അമേരിക്കയ്ക്ക് മാര്‍ക്കേസിനു മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചെങ്കിലും ഈ സൌഹൃദം ഉപേക്ഷിക്കാന്‍ മാര്‍ക്കേസ് തയ്യാറായിരുന്നില്ല. അത്രയ്ക്ക് ദൃഢമായിരുന്നു ഇരുവരും തമ്മിലുള്ള സൌഹൃദം.
‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ ലോകത്തിനു സമ്മാനിച്ച നൊബേല്‍ ജേതാവ് മാര്‍ക്കേസും പതിറ്റാണ്ടുകള്‍ ക്യൂബ ഭരിച്ച കാസ്ട്രോയും തമ്മില്‍ ആദ്യമായി കാണുന്നത് 1959 ജനുവരി 19നായിരുന്നു.
അഭിമുഖങ്ങളിലും ലേഖനങ്ങളിലും തന്റെ സുഹൃത്തിനെ, ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് വാനോളം പുകഴ്ത്തിയിരുന്നു. കാസ്ട്രോയുടെ രാഷ്‌ട്രീയ ബുദ്ധിസാമര്‍ത്ഥ്യത്തെ പ്രകീര്‍ത്തിച്ചിരുന്ന മാര്‍ക്കേസ് കാര്യങ്ങള്‍ അറിയാനുള്ള ജിജ്ഞാസ എന്നിവയെക്കുറിച്ചായിരുന്നു പലപ്പോഴും മാര്‍ക്കേസ് പറഞ്ഞിരുന്നത്.
ഇരുവരും തമ്മിലുള്ള അപൂര്‍വനിമിഷങ്ങളുടെ ചിത്രങ്ങള്‍ ആല്‍ബങ്ങളായി സൂക്ഷിക്കപ്പെട്ടു. 2014 ഏപ്രിലില്‍ മാര്‍ക്കേസ് മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെ ആയിരുന്നു കാസ്ട്രോ കേട്ടത്. മാര്‍ക്കേസിന്റെ മരണം അദ്ദേഹത്തില്‍ വലിയ നിരാശ ഉണ്ടക്കുകയും ചെയ്തിരുന്നു.
കാസ്ട്രോയെ പിന്തുണച്ച കാരണത്താല്‍ അമേരിക്ക മാര്‍ക്കേസിന് വിസ നല്കിയിരുന്നില്ല. 1990ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റ് ആയപ്പോള്‍ ആണ് മാര്‍ക്കേസിനുള്ള നിരോധനം പിന്‍വലിച്ചത്. തുടര്‍ന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്ത മാര്‍ക്കേസ് ക്ലിന്റണുമായി കൂടിക്കാഴ്ച നടത്തി. കാസ്ട്രോയും ക്ലിന്റണും മുഖാമുഖം ഇരിക്കുകയാണെങ്കില്‍, പിന്നെ ഒരു പ്രശ്നങ്ങളും അവശേഷിക്കില്ലെന്ന് അദ്ദേഹം ക്ലിന്റണുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു.