അധികംനാള്‍ താന്‍ മാര്‍പ്പാപ്പയായി തുടരില്ലെന്നും തന്റെ വിരമിക്കലോ, മരണമോ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ നടക്കുമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അഞ്ചു ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനു ശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ.
തനിക്ക് വയസ് 77 ആയി ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. കൂടാതെ തനിക്ക് നാഡീ സംബന്ധമായ രോഗങ്ങള്‍ ഉണ്ടെന്നും ചികിത്സ നടന്നുവരികയാണെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി. മാര്‍പ്പാപ്പയെന്ന പദവിയില്‍ താന്‍ അമിതമായി സന്തോഷിക്കുന്നില്ലെന്നും. വളരെ കുറച്ചുകാലമേ ഈ പ്രശസ്തിയൊക്കെ നിലനില്‍ക്കുകയുള്ളുവെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.
മുന്‍ഗാമിയായ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്‌തത് മുമ്പ് കേട്ടു കേള്‍വി പോലുമില്ലാതിരുന്ന കാര്യമാണെന്നും. എന്നാല്‍ ഇപ്പോള്‍ അത് സാധാരണമാണെന്നും ബനഡിക്ട് പതിനാറാമന്‍ ആണ് അതിലേക്കുള്ള വാതില്‍ തുറന്നിട്ടതെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് രാജ്യമായ ചൈന സന്ദര്‍ശിക്കണമെന്നാണ് വലിയ ആഗ്രഹമെന്നും. ചൈനയില്‍ മതസ്വാതന്ത്ര്യം വേണമെന്നും അതിനായി വത്തിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.