ഫുട്ബോള്‍ മത്സരം കണ്ടാല്‍ മോഡലാകുമോ. സംശയം വേണ്ട ചിലപ്പോള്‍ ആയെന്നിരിക്കും. അത്തരമൊരു യാദൃഛികതയാണ് ബെല്‍ജിയം കാരിയായ അലക്‌സാ ഡെസ്‌പീജിലിയാറേയ്‌ക്ക് സംഭവിച്ചത്. ബല്‍ജിയത്തിന്റെ ഒരു മത്സരത്തിനിടെ ഗാലറിയിലിരുന്ന് ആവേശം കൊള്ളുന്ന ഈ സുന്ദരിക്കുട്ടി അബദ്ധത്തില്‍ ക്യാമറാ ലെന്‍സില്‍ പതിഞ്ഞതൊടെ മാറി മറിഞ്ഞത് ഭാവി ജീവിതമാണ്.
പതിനേഴുകാരിയായ അലക്‌സ, ഗ്രൂപ്പ് എച്ചില്‍ റഷ്യയ്‌ക്ക് എതിരേയുള്ള മത്സരത്തില്‍ ടീമിനെ ഉത്തേജിപ്പിക്കാന്‍ ബല്‍ജിയത്തിന്റെ പതാകയുടെ നിറമുള്ള തൊപ്പിയും മുഖത്ത് ചുവപ്പ് മഞ്ഞ കറുപ്പ് വരകളുമായി ആരേയും ആകര്‍ഷിക്കുന്ന തരത്തില്‍ ടീമിന് ആവേശം പകര്‍ന്നുകൊണ്ടിരിക്കേയാണ് ഏതോ ക്യാമറാമാന്റെ ലെന്‍സില്‍ പതിയുന്നത്.
എന്നാല്‍ സംഭവം അവിടം കൊണ്ട് തീര്‍ന്നില്ല, അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവന്ന ആചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നു ബോധവതിയല്ലാതിരുന്ന അലക്സയേ കാത്ത് വീട്ടില്‍ കിടന്നത് സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്‌ട്ര കമ്പനിയായ ലോറീയലിന്റെ മോഡലാകാനുള്ള അസുലഭ ഭാഗ്യം.
കളിയൊക്കെ തോറ്റ് ബല്‍ജിയം മടങ്ങിയ കൂട്ടത്തില്‍ വീട്ടില്‍ തിരിച്ചെത്തിയ അലക്‌സ തന്റെപേരില്‍ ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി. എന്നാല്‍ മാധ്യമങ്ങളില്‍ വന്ന പടം ശ്രദ്ധിച്ചിരുന്ന പലരും അലക്സായുടെ അക്കോണ്ടുകള്‍ ലൈക്ക് ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ രണ്ടു ലക്ഷം ലൈക്കുകളാണ് അക്കൌണ്ടിനുള്ളത്.
ഇതിന് പിന്നാലെ ആയിരുന്നു ലോറീയലിന്റെ കരാര്‍ അലക്‌സയ്‌ക്ക് ലഭിച്ചത്. അപ്രതീക്ഷിതമായി ഭാഗ്യം വന്നുചേര്‍ന്ന അലക്‌സാ ചൊവ്വാഴ്‌ച ഫ്രഞ്ച് കമ്പനിയുടെ കരാര്‍ സ്വീകരിച്ചു. കക്ഷിയെ ഉല്‍പ്പന്നത്തിന്റെ മുഖമാക്കിക്കൊണ്ടുള്ള പരസ്യം ഉടന്‍ അന്താരാഷ്‌ട്ര മാധ്യമങ്ങളിലൂടെ പുറത്ത് വരും.
ലോകകപ്പില്‍ ബെല്‍ജിയത്തിനു ഭാഗ്യമില്ലായിരുന്നു എങ്കിലും സ്വന്തം നാട്ടൂകാരിക്ക് ലോകക്കപ്പ് ഭാഗ്യം നേടിക്കൊടുത്തു.