അമേരിക്കയിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്‌പ്പ് നടത്തി 17 വിദ്യാർഥികളെ കൊലപ്പെടുത്തിയ നിക്കോളസ് ക്രൂസിന്റെ (19) മൊഴി പുറത്ത്. പിശാചുക്കള്‍ തന്റെ ഉള്ളിലിരുന്ന് നിര്‍ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു. ഇത് പാലിച്ചാണ് ഞാന്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ച് കൊന്നതെന്നാണ് യുവാവ് വ്യക്തമാക്കിയത്.
ബുധനാഴ്ച്ച പ്രാദേശികസമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളില്‍ വെടിവയ്പ്പുണ്ടായത്.
അച്ചടക്കനടപടികളുടെ ഭാഗമായി സ്കൂളിൽ നിന്നു നേരത്തേ പുറത്താക്കിയ നിക്കോളസ് പുറത്തുനിന്നു വെടിയുതിർത്ത ശേഷം ഉള്ളില്‍ കടന്ന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടിയെങ്കിലും ക്രൂസ് ആക്രമണം തുടര്‍ന്നു. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ വൈരാഗ്യമാണ് ക്രൂസിനെകൊണ്ട് ഈ ക്രൂരത ചെയ്യിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.