ഫേസ്ബുക്കില്‍ മുസ്ലീം വിഭാഗങ്ങളെ അവഹേളിച്ച് പോസ്റ്റിട്ടു എന്നാരോപിച്ച് മലയാളി യുവാവിനെ ഒരുകൂട്ടം മലയാളികള്‍ മര്‍ദ്ദിച്ച വിഷയം വഴിത്തിരിവിലേക്ക്. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടതോടെ യുവാവിനെ മര്‍ദ്ദിച്ചവരെ ഖത്തര്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്നതായാണ് വിവരം. അതേസമയം മര്‍ദ്ദനമേറ്റ യുവാവിനു മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്ന് ഖത്തര്‍ പൊലീസ് അറിയിച്ചതോടെ സംഭവം വഴിത്തിരിവിലായിരിക്കുകയാണ്.
ഇയാളെ അന്വേഷണത്തിനു ശേഷം മോചിതനാക്കുമെന്നാണ് ഖത്തര്‍ പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചിരിക്കുന്നത്. യുവാവ് ആരോപിക്കപ്പെട്ട കുറ്റങ്ങൾ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ഖത്തർ അധികൃതർ അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ഖത്തർ അധികൃതർ യുവാവിന്റെ അച്ഛനമ്മമാരുമായി സംസാരിച്ച് വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. എംബസിയുടെ സമ്മര്‍ദ്ദപ്രകാരം സാമൂഹ്യ മാധ്യമങ്ങളില്‍ ഈ യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തവരെ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവന്നതായാണ് വിവരം.