യൂറോപ്പില്‍ മുസ്ലീങ്ങള്‍ വെറുക്കപ്പെട്ടവര്‍!!!

Webdunia
വെള്ളി, 9 ജനുവരി 2015 (10:47 IST)
ഫ്രഞ്ച്‌ ആക്ഷേപഹാസ്യ ആഴ്‌ചപ്പതിപ്പിന്‌ നേരെ ആക്രമണം നടന്ന പശ്‌ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാം വിരുദ്ധ നീക്കങ്ങള്‍ ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ലീങ്ങള്‍ക്കെതിരേയും യൂറോപ്പിലേക്കുള്ള മുസ്ലീം കുടിയേറ്റക്കാര്‍ക്കെതിരേയും യൂറോപ്പിലെങ്ങും വിദ്വേഷം പുകയുകയാണ് എന്നാണ് സുചനകള്‍. പാരീസിലെ ആക്രമണത്തിനു പിന്നാലെ നടന്ന പ്രതിഷേധ സമരത്തിനിടെ മോസ്‌ക്കുകള്‍ക്ക്‌ നേരെ ആക്രമണം നടത്തിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.
 
പടിഞ്ഞാറന്‍ പാരീസിലെ മാന്‍സ്‌ നഗരത്തില്‍ മോസ്‌ക്കിന്‌ ഗ്രെനേഡ്‌ ആക്രമണം നടന്നതായി വിവരമുണ്ട്‌. ദക്ഷിണ ഫ്രാന്‍സിലെ നാര്‍ബണ്‍ പോര്‍ട്ട്‌ ലാ ന്യൂവലില്‍ ഇസ്‌ളാമിക പ്രാര്‍ത്ഥനകള്‍ക്ക്‌ പിന്നാലെ പ്രാര്‍ത്ഥന നടന്ന ഹാളിന്‌ നേരെ വെടിവെയ്‌പ്പ് നടന്നിരുന്നു. കിഴക്കന്‍ ഫ്രഞ്ച്‌ നഗരമായ വില്ലേഫ്രാഞ്ചി-സൂര്‍-സാവോണയില്‍ ഒരു മോസ്‌ക്കിന്‌ സമീപമുള്ള കബാബ്‌ കടയില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാരീസില്‍ മാധ്യമപ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിനു  ശേഷം ഫ്രാന്‍സിലെ മോസ്‌ക്കുകള്‍ക്ക്‌ നേരെ അനേകം ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തത് എഎഫ്‌പി ആണ്.
 
അതേസമയം സ്വീഡനൈലും ജര്‍മ്മനിയിലും കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഇസ്ലാം വിരുദ്ധ നീക്കങ്ങള്‍ ഇതൊടെ ശക്തമായതായും വിവരമുണ്ട്. സ്വീഡനില്‍ ഒരു മോസ്‌ക്കിന്‌ അജ്ഞാതര്‍ തീയിട്ടതായി വാര്‍ത്തകളുണ്ട്. ജര്‍മ്മനിയില്‍ രണ്ടുദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഇസ്ലാം വിരുദ്ധ പ്രതിഷേദ്ധം അരങ്ങേറിയത്. യൂറോപ്പിലേക്കുള്ള ഇസ്ലാമിക കുടിയേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിരോധ നീക്കമാണ് നടക്കുന്നത്. തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ പ്രശ്നത്തില്‍ ഇടപെടുന്നതായും വിവരങ്ങളുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.