ജട്ടിയില്‍ കിളികള്‍; യാത്രക്കാരന്‍ പിടിയില്‍!

Webdunia
തിങ്കള്‍, 23 ജൂണ്‍ 2014 (17:42 IST)
അടിവസ്ത്രത്തില്‍ പക്ഷിക്കുഞ്ഞുങ്ങളെ ഒളിച്ചു കടത്താന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ക്യൂബയിലാണ് ഈ അപൂര്‍വ്വമായ പക്ഷിക്കടത്തിനുള്ള ശ്രമം നടന്നത്.

ആയിരക്കണക്കിന് പൌണ്ട് വില വരുന്ന അപൂര്‍വ്വ് ഇനം പക്ഷികളുടെ കുഞ്ഞുങ്ങളെയാണ് ഇയാള്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്.

ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ശരീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ കണ്ടെത്തിയത് അപൂര്‍വയിനത്തില്‍പ്പെട്ട അറുപത്തിയാറ് പക്ഷിക്കുഞ്ഞുങ്ങള്‍. പക്ഷിക്കടത്തിന് യാത്രക്കാരന്‍ നടത്തിയ ശ്രമം കണ്ട് കസ്റ്റംസുകാര്‍ പോലും ഞെട്ടിപ്പോയി.

എന്താണ് ശബ്ദമെന്ന് ചോദിച്ചപ്പോള്‍  മുത്തശ്ശിക്ക് സമ്മാനിക്കാനുള്ള ഒരു പ്രാവ് ആണ് തന്‍റെ കൈവശമുള്ളതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും കസ്റ്റംസ് അധികൃതര്‍ അടിവസ്ത്രം അടക്കം ഊരിയപ്പോഴാണ് ചുണ്ടുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഇത്രയും പക്ഷികളെ കണ്ടത്.  

അടിവസ്ത്രത്തില്‍ കടത്തിയതിനേ തുടര്‍ന്ന് പക്ഷിക്കുഞ്ഞുങ്ങളില്‍ രണ്ടെണ്ണം ചത്തിരുന്നു, ക്യൂബയിലെ നിയമ പ്രകാരം ഇയാള്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. ഇയാള്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.