വളർത്തുപൂച്ചയ്ക്ക് അയൽക്കാരി ഭക്ഷണം നൽകുന്നു; വിലക്കാൻ ദമ്പതികൾ ചെലവിട്ടത് 18 ലക്ഷം

തുമ്പി ഏബ്രഹാം
തിങ്കള്‍, 20 ജനുവരി 2020 (09:17 IST)
വളര്‍ത്തുപൂച്ചയ്ക്ക് അയല്‍ക്കാരി ഭക്ഷണം നല്‍കുന്നത് തടയാന്‍ നിയമപോരാട്ടത്തിനായി ദമ്പതികള്‍ ചെലവിട്ടത് 18 ലക്ഷം രൂപ.ജാക്കി ഹാളും ഭര്‍ത്താവ് ജോണ്‍ ഹോളുമാണ് അയല്‍ക്കാരിയായ നിക്കോള ലെസ്ബിരലിനെതിരെ പൂച്ചയെച്ചൊല്ലി നിയമപോരാട്ടം നടത്തിയത്. ലണ്ടനിലെ ഹാമ്മര്‍സ്മിത്ത് ഗ്രോവിലാണ് സംഭവം. 
 
ഓസി എന്നുപേരുള്ള പൂച്ചയെച്ചൊല്ലിയാണ് തര്‍ക്കങ്ങളുണ്ടായത്. ഓസിയെ തുടര്‍ച്ചയായി വീട്ടില്‍ നിന്ന് കാണാതാവാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തിരിച്ചെത്തുമ്പോള്‍ പൂച്ചയുടെ കഴുത്തില്‍ പുതിയ കോളറുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ സംശയം തോന്നിയ ദമ്പതികള്‍ പൂച്ചയുടെ കോളറില്‍ ജിപിഎസ് ഘടിപ്പിച്ചു. അങ്ങനെയാണ് നിക്കോളയുടെ വീട്ടിലേക്കാണ് ഓസി പോവുന്നതെന്ന് ദമ്പതികള്‍ കണ്ടെത്തി. 
 
പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിക്കോള ഓസിക്ക് ആഹാരം നല്‍കുന്നതും കണ്ടെത്തി. പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നിക്കോള അത് പരിഗണിക്കാന്‍ തയ്യാറായില്ല. ഇതോടെ ദമ്പതികള്‍ മുതിര്‍ന്ന അഭിഭാഷകനെ സമീപിക്കുകയായിരുന്നു. നാലുവര്‍ഷമായി നടന്നുവരുന്ന നിയമപോരാട്ടത്തില്‍ ദമ്പതികള്‍ക്ക് വക്കീല്‍ ഫീസ് ഇനത്തില്‍ 20,000 പൗണ്ട് ( ഏകദേശം 18 ലക്ഷം രൂപ) ചെലവായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂച്ചയ്ക്ക് ഭക്ഷണം നല്‍കില്ലെന്ന് നിക്കോള സമ്മതിച്ചതിനെ തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പിലെത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article