ജിഹാദിന്റെ പുതിയ മേച്ചില്‍പുറങ്ങളിലേക്ക് ആഗോള തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ് കടക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി സൈബര്‍ മേഖലകളില്‍ ശത്രുക്കളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കവുമായി ഐഎസ് ശ്രമം തുടങ്ങി. ആദ്യപടിയായി ഇവര്‍ ഹാക്ക് ചെയ്തത് അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും യൂട്യൂബുമാണ്. ഗള്‍ഫ് മേഖലയിലെ സൈനിക നീക്കങ്ങളെകുറിച്ച് വിവരങ്ങള്‍ നല്‍കുന്ന അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമ്മാന്‍ഡിന്റെ ട്വിറ്ററും യൂട്യൂബുമാണ് ഐസിസ് ഭീകരര്‍ ഹാക്ക് ചെയ്തത്.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സൈനിക നീക്കങ്ങള്‍ അമേരിക്കന്‍ സൈന്യം പുറത്തു വിടുന്നത് ഭീകരര്‍ ഹാക്ക് ചെയ്ത ട്വിറ്റര്‍ അക്കൌണ്ടുകള്‍ വഴിയാണ്. ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങളുള്ള യുട്യൂബ് ചാനലാണ് ഹാക്ക് ചെയ്ത മറ്റൊന്ന്. സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഭീകരര്‍ ഇവ ഹാക്ക് ചെയ്തത്. സംഭവത്തെ വൈറ്റ് ഹൌസ് ഗൌരവത്തോടെയാണ് കാണുന്നത്.
ചൈനയുടേയും കൊറിയയുടേയും ഭൂപടവും പെന്റഗന്റെ പ്രതിരോധ ഇടപാടുകള്‍ക്ക് വേണ്ടിവന്ന ചെലവിന്റെ വിവരങ്ങളും ഐസിസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ചില പ്രതിരോധ കരാറുകളെ കുറിച്ചുള്ള വിവരങ്ങളും ഇവയിലുണ്ട്. എന്നാല്‍ ഇത്തരം വിവരങ്ങള്‍ പെന്റഗണിന്റേയും വൈറ്റ് ഹൗസിന്റേയും വെബ്‌സൈറ്റുകളില്‍ തെരഞ്ഞാല്‍ ആര്‍ക്കും കണ്ടെത്താനാകുമെന്നാണ് യുഎസ് പ്രതിരോധമന്ത്രാലയത്തിന്റെ വിശദീകരണം.