ബറുണ്ടിയിൽ ഭരണ അട്ടിമറിക്ക് നീക്കം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 15 മെയ് 2015 (08:46 IST)
തെക്ക്കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബറുണ്ടിയിൽ സൈന്യവും വിമത സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ഇതുവരെ
അഞ്ച് സൈനികർ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകളാണ് പ്രദേശത്ത് നിന്ന് പാലായാനം ചെയ്യുന്നത്.

സൈന്യവും വിമത സേനയും തമ്മിൽ ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് നഗരരത്തില്‍ കനത്ത വെടിവെപ്പും ആക്രമണവുമാണ് നടക്കുന്നത്. തലസ്ഥാനമായ ബുജുംബുരയുടെ ഏറിയ ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലായതായി ഇരു വിഭാഗവും അവകാശപ്പെട്ടു. അക്രമത്തെ തുടർന്ന് സർക്കാർ റേഡിയോയുടെ പ്രക്ഷേപണം തടസ്സപ്പെട്ടു.

പ്രസിഡന്റ് പിയറി കുരുൻസിസയെ പിന്തുണയ്ക്കുന്ന സൈനികരുടെ നിയന്ത്രണത്തിലാണ് റേഡിയോ. ബുധനാഴ്ച പിയറി ടാൻസാനിയയിലേക്ക് പോയപ്പോഴാണ് മേജർ ജനറൽ ഗോഡിഫ്രോയിഡിന്റെ  നേതൃത്വത്തിൽ രാജ്യത്ത് ഭരണ അട്ടിമറി നീക്കങ്ങൾ ആരംഭിച്ചത്. അക്രമങ്ങളെ തുടർന്ന് പിയറിക്ക് രാജ്യത്തേക്ക് തിരിച്ചെത്താനായിട്ടില്ല. ഏപ്രിൽ 26 മുതൽ രാജ്യത്ത് അക്രമങ്ങൾ അരങ്ങേറുകയാണ്.