ഭക്ഷണത്തിനല്ല, ആളുകൾ പരക്കം പായുന്നത് ബുർഖ വാങ്ങുന്നതിന്: അഫ്‌ഗാനിലെ മലയാളികൾ പറയുന്നു

Webdunia
ബുധന്‍, 18 ഓഗസ്റ്റ് 2021 (20:18 IST)
ഭക്ഷണത്തിനായല്ല ബുർഖയ്ക്ക് വേണ്ടിയാണ് അഫ്‌ഗാനിൽ ആളുകൾ പരക്കം പായുന്നതെന്ന് അഫ്‌ഗാനിസ്ഥാനിലെ മലയാളി വിദ്യാർത്ഥികൾ. ന്യൂ ഇന്ത്യൻ എ‌ക്‌സ്പ്രസുമായുള്ള സംവാദത്തിനിടെയാണ് വിദ്യാർത്ഥി വെളിപ്പെടുത്തൽ നടത്തിയത്. താലിബാൻ കാബൂളിനടുത്ത് വരെയെത്തിയപ്പോൾ മുതൽ ഇതാണ് സ്ഥിതിയെന്ന് ഇവർ പറയുന്നു. എംബസി ഉദ്യോഗസ്ഥരും നാട്ടിലേക്ക് മടങ്ങിയതോടെ അഫ്‌ഗാനിൽ ഇനിയെന്ത് എന്ന അനിശ്ചിതത്തിലാണ് അവിടെ കുടുങ്ങിയ ഇന്ത്യാക്കാർ.
 
രണ്ട് ദിവസം മുൻപ് കാബൂളിലെ ഇന്ത്യക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. എല്ലാവർക്കും പങ്കുവെക്കാനുള്ളത് ആശങ്കകൾ മാത്രമാണ്. ആയിരത്തി അഞ്ഞൂറോളം ഇന്ത്യാക്കാരാണ് കാബൂളിൽ മാത്രമായുള്ളത്. ഇതിൽ 41 പേരെങ്കിലും മലയാളികളാണ്. തിരിച്ചു നാട്ടിലെത്താനുള്ള വിവരങ്ങൾ പങ്കുവെയ്ക്കാനാണ് ഗ്രൂപ്പ് തുടങ്ങിയത്. എംബസി ഉദ്യോഗസ്ഥരെല്ലാം പോയതോടെ എല്ലാവരും ആശങ്കയിലാണ് വിദ്യാർഥി പറഞ്ഞു.
 
അതേസമയം അഫ്‌ഗാനിലെ ഇന്ത്യക്കാർക്ക് നേരെ ഇതുവരെ അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. എങ്കിലും താലിബാൻ നഗരം പിടിച്ചെടുത്തതോടെ ഭീതിയിലാണ് ഇവിടെ കുടുങ്ങിയ ഇന്ത്യാക്കാർ. സർക്കാർ വിമാനം അയച്ചാൽ തന്നെ വിമാനത്താവളം വരെ സുരക്ഷിതമായി എത്താനാകുമോ എന്ന അനിശ്ചിതത്തിലാണ് ഇവിടെയുള്ള ഇന്ത്യാക്കാർ.

അനുബന്ധ വാര്‍ത്തകള്‍

Next Article