ബ്രസല്‍സ് ഭീകരാക്രമണം; ഉത്തരവാദിത്തം ഐ എസ് ഭീകരര്‍ ഏറ്റെടുത്തു

Webdunia
ബുധന്‍, 23 മാര്‍ച്ച് 2016 (08:37 IST)
ബ്രസല്‍സില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. ഐ എസുമായി ബന്ധമുള്ള അമാഖ് ഏജന്‍സിയാണ് ഈ പ്രസ്താവന പുറത്തിറക്കിയത്. സ്‌ഫോടനത്തിന് പിന്നില്‍ സംശയിക്കുന്ന ഭീകരരുടെ ചിത്രങ്ങള്‍ ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു. എയര്‍പോര്‍ട്ടിലെ സി സി ടി വിയില്‍ പതിഞ്ഞ ചിത്രമാണ്  പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബല്‍ജിയം സന്ദര്‍ശനത്തിന് മാറ്റമൊന്നുമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി ഈ മാസം 30ന് മോഡി ബെല്‍ജിയത്തിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതേസമയം, രാജ്യം ഭയന്നത് പോലെ തന്നെ സംഭവിച്ചെന്ന് ആക്രമണത്തെക്കുറിച്ച് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പറഞ്ഞു.  

സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ബെല്‍ജിയത്തിലെ ആണവനിലയങ്ങളായ ഡിയോളിലെയും തിഹാംഗിലെയും ജീവനക്കാരെ ഒഴിപ്പിച്ചു. ബെല്‍ജിയം സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിപ്പിച്ചത്. ഭാഗികമായാണ് ജീവനക്കാരെ ഒഴിപ്പിച്ചതെന്നും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജോലിക്കാരെ നിലയത്തില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും എംഗി വക്താവ് അറിയിച്ചു.

വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമാണ് സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് ചെക്ക് ഇന്‍ ഡെസ്‌കിനു സമീപമാണ് സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തെത്തുടര്‍ന്നു വിമാനത്താവളം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. സ്‌ഫോടന പരമ്പരയില്‍ 28 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലെ ആക്രമണത്തില്‍ 13 പേര്‍ മരിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെട്രോ സ്റ്റേഷനിലെ സ്‌ഫോടനത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. 55 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ ഇന്ത്യക്കാരാണ്. ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരിയാണ് പരുക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍. നിരവധി പേരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ആക്രമണത്തിനു തൊട്ടു മുന്‍പായി വിമാനത്താവളത്തില്‍ അറബിയില്‍ മുദ്രാവാക്യം വിളിക്കുന്നതായി കേട്ടെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലും സ്‌കൈന്യൂസും റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെസ്‌കിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. അമേരിക്കക്കാരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനമെന്നു കരുതുന്നു. സംഭവത്തെത്തുടര്‍ന്നു വിമാനത്താവളത്തിലെ യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ സലാ അബ്ദസ്ലാമിനെ കഴിഞ്ഞദിവസം ബ്രസല്‍സില്‍നിന്നാണ് പിടികൂടിയത്. അയാള്‍ ഇതിനുമുമ്പും ബെല്‍ജിയത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.