നേപ്പാള്‍ ഭൂകമ്പത്തിന് ഒരു വയസ്സ്; ദുരിതക്കയത്തില്‍ നിന്ന് കര കയറി നേപ്പാള്‍

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (12:14 IST)
ലോകം നടുങ്ങിയ നേപ്പാള്‍ ഭൂകമ്പത്തിന് ഇന്ന് ഒരു വയസ്സ് പൂര്‍ത്തിയാകുന്നു. 9000 പേരുടെ മരണത്തിനും നിരവധി വസ്തുവകകളുടെ നാശനഷ്‌ടത്തിനും കാരണമായ ഭൂകമ്പത്തിന്റെ കെടുതികള്‍ നേപ്പാളിനെ ഇനിയും പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ല. ഭൂകമ്പത്തില്‍ തകര്‍ന്നു പോയ നേപ്പാളിനെ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
 
ദുരിതത്തില്‍ അകപ്പെട്ട നേപ്പാളിലെ ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും താല്‍ക്കാലിക താമസകേന്ദ്രങ്ങളിലാണ് കഴിയുന്നത്. മില്യണ്‍ കണക്കിന് വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നു വീണത്. 
 
പ്രാദേശികസമയം രാവിലെ 11.56ന് ആയിരുന്നു 7.9 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ലാംജംഗ് കേന്ദ്രമായി ആയിരുന്നു ഭൂകമ്പം ഉണ്ടായത്. നിരവധി കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും തകർന്നു. 1832 ൽ നിർമ്മിച്ച ധരഹരാ ഗോപുരം തകര്‍ന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.
 
ആദ്യം നൂറിലേക്കും പിന്നെ ആയിരത്തിലേക്കും നീങ്ങിയ മരണസംഖ്യ ദിവസങ്ങള്‍ കഴിഞ്ഞതോടെ വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. 9000ത്തോളം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നായിരുന്നു അവസാന റിപ്പോര്‍ട്ടുകള്‍.  ഭൂകമ്പം തകര്‍ത്ത നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകര്‍ന്നിരുന്നു.
 
ഭൂചലനം തകര്‍ത്തെറിഞ്ഞ രാജ്യത്ത്‌ വൈദ്യുതി, ജലവിതരണം തുടങ്ങിയവ നിലച്ചു. ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു. ഭൂകമ്പത്തെ നേപ്പാൾ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യ ആയിരുന്നു ആദ്യസഹായവുമായി എത്തിയത്.
 
40 അംഗ ദേശീയ ദുരന്തനിവാരണസേനയാണ് ആദ്യം അവിടെ എത്തിയത്. ഓപ്പറേഷൻ മൈത്രി എന്ന് പേരിട്ടിട്ടുള്ള സഹായദൗത്യമാണ് സൈന്യം നേപ്പാളിന് നൽകുന്നത്.