ബ്രസൽസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രികരെന്ന് കരുതുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിന്റെ പരിസരപ്രദേശങ്ങളിൽ നിന്നുമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ആക്രമണം നടന്നതിനെത്തുടർന്ന് രാജ്യത്ത് സുരക്ഷിതത്വം ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണ സംഘവുമായി ചർച്ച നടത്തുന്നതിന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബ്രസൽസിലെത്തിയിട്ടുണ്ട്. അതേ സമയം ബ്രസല്‍സ് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ജര്‍മ്മനിയിലും പിടിയിലായിട്ടുണ്ട്. ഭീകരാക്രമണവുമായി പാരീസിനു ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ വിശദമാക്കി.
ചൊവ്വാഴ്ച ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലുണ്ടായ ഭീകരാക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരുടെ പലരുടെയും നില ഗുരുതരമാണ്. എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്.