ഈ നൂറ്റാണ്ടിലെ തുടര്‍ച്ചയായുള്ള നാല് ബ്ലഡ്‌മൂണ്‍ പരമ്പരയില്‍ അവസാനത്തേത് സെപ്‌തംബര്‍ 28 ന് നടക്കും. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ മറയ്ക്കപ്പെടുന്നതിനു പകരം ചുവന്ന നിറത്തില്‍ ദൃശ്യമാകുന്നതിനാണ് ബ്ലഡ്‌മൂണ്‍ അഥവാ രക്തചന്ദ്രന്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ യു എസില്‍ നിന്നുള്ള സുവിശേഷകരായ മാര്‍ക്ക് ബ്ലിറ്റ്‌സ്, ജോണ്‍ ഹാഗി എന്നീ പാസ്‌റ്റര്‍മാര്‍ പറയുന്നത് നാലാമത്തെ രക്തചന്ദ്രന് ശേഷം അന്തിക്രിസ്തുവിന്റെ ആഗമനമുണ്ടാകുമെന്നാണ്. അതോടൊപ്പം ലോകാവസാനത്തിന്റെ അവസാന സൂചനായാണിതെന്നും ഇവര്‍ പറയുന്നു.
ഇവരുടെ പ്രവചനപ്രകാരം വന്‍ ഭൂകമ്പങ്ങള്‍ ലോകത്തെ നശിപ്പിക്കും. മധ്യേഷ്യയിലെ പ്രതിസന്ധി രൂക്ഷമാവുകയും അതുവഴി മൂന്നാം ലോകമഹായുദ്ധത്തിന് വഴിയൊരുങ്ങുകയും ചെയ്യുമത്രെ! 2013ല്‍ പ്രസിദ്ധീകരിച്ച പുസ്‌തകത്തിലാണ് പാസ്‌റ്റര്‍മാര്‍ പൂര്‍ണചന്ദ്രഗ്രഹണത്തെ രക്‌തചന്ദ്രന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതും ലോകാവസാന മുന്നറിയിപ്പ് നല്‍കുന്നതും.
1493ല്‍ ഇത്തരമൊരു പ്രതിഭാസം നടന്നപ്പോള്‍ ജൂതന്‍മാരുടെ കൂട്ടക്കുരുതി നടന്നു. 1949ല്‍ ഇസ്രയേല്‍ പിറന്നപ്പോഴും ഇതേ പ്രതിഭാസമുണ്ടായി. 1967ല്‍ ഈ പ്രതിഭാസം ഇസ്രയേല്‍ - അറബ് യുദ്ധമുണ്ടായി എന്നും പാസ്‌റ്റര്‍മാര്‍ വിശദീകരിക്കുന്നുണ്ട്. അതിനാല്‍ ഇത്തവണ തീര്‍ച്ചയായും ലോകം അവസാനിക്കുമെന്ന് ഇവര്‍ പറയുന്നു.
'സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ രക്‌തവര്‍ണമാകും. അത് ദൈവപുത്രത്തിന്റെ രണ്ടാമത്തെ ആഗമനത്തിന്റെ അടയാളമാണ്(ജോയല്‍ 2:31)' എന്ന ജോയല്‍ പ്രവാചകന്റെ പുസ്‌തകത്തിലെ രണ്ടാം അധ്യായത്തിലെ 31-ആം വാചകമാണ് ഇവര്‍ രക്‌തചന്ദ്രനെ ലോകാവസാനവുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്നത്.