Israel vs Hamas: ഗാസയിലെ യുദ്ധം നിര്‍ത്താന്‍ ഇസ്രയേല്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇപ്പോള്‍ യുദ്ധം നിര്‍ത്തിയാല്‍ ഹമാസ് തിരിച്ചുവരികയും ഇസ്രയേലിനെ ആക്രമിക്കുകയും ചെയ്യും. അതിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും ഭാവിയിലെ ആക്രമണങ്ങള്‍ തടയുന്നതിനായി ഹമാസിന്റെ ഉന്മൂലനം ആവശ്യമാണെന്നും നെതന്യാഹു പറഞ്ഞു. ജറുസലെമില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
' ഞങ്ങള്‍ ഇപ്പോള്‍ യുദ്ധം അവസാനിപ്പിച്ചാല്‍ ഹമാസ് തിരിച്ചുവരും, അവര്‍ എല്ലാം തിരിച്ചുപിടിക്കുകയും ഞങ്ങളെ വീണ്ടും ആക്രമിക്കുകയും ചെയ്യും. അതിലേക്ക് തിരിച്ചുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങള്‍ തടയാന്‍ ഹമാസിന്റെ ഉന്മൂലനം ആവശ്യമാണ്. അവരുടെ സൈനികവും ഭരണപരവുമായ കഴിവുകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അത് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ലക്ഷ്യം കാണുന്നതുവരെ യുദ്ധം തുടരും,' നെതന്യാഹു പറഞ്ഞു.
സിറിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെയും നെതന്യാഹു ന്യായീകരിച്ചു. ഇസ്രയേലിന്റെ സുരക്ഷയും പരമാധികാരവും നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് സിറിയയിലെ വ്യോമാക്രമണം. ഗോളന്‍ കുന്നുകള്‍ ഇനി എല്ലാക്കാലത്തേക്കും ഇസ്രയേലിന്റെ മാത്രം ഭാഗമായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.