Israel: അവസരം മുതലെടുത്തു അസദ് റഷ്യയിലേക്ക് പറന്നതോടെ ഗോലാൻ കുന്നിലെ ബഫർ സോൺ കയ്യടക്കി ഇസ്രായേൽ

അഭിറാം മനോഹർ

തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (11:58 IST)
അസദ് ഭരണകൂടത്തെ വീഴ്ത്തി സിറിയയില്‍ വിമതര്‍ രാജ്യം കീഴടക്കിയതിന് പിന്നാലെ ഗോലന്‍ കുന്നുകളിലെ സിറിയന്‍ നിയന്ത്രിതമായ ബഫര്‍ സോണ്‍ കൈവശപ്പെടുത്തി ഇസ്രായേല്‍. ഗോലന്‍ കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം താത്കാലികമായി ഏറ്റെടുത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.
 
 വിമതര്‍ രാജ്യം പിടിച്ചടുക്കിയതോടെ 1974ല്‍ സിറിയയുമായി ഉണ്ടാക്കിയ ഉടമ്പടി തകര്‍ന്നതായി ഇസ്രായേല്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം പ്രദേശം കൈവശപ്പെടുത്തിയത്. വിമതര്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യയിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയന്‍ സൈന്യം തന്ത്രപ്രധാനമായ മേഖലകളില്‍ നിന്നും പിന്‍വാങ്ങിയത്. ഞായറാഴ്ച ഇസ്രായേല്‍ സൈന്യം ഈ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കി. ഇവിടങ്ങളിലെ അഞ്ച് സിറിയന്‍ ഗ്രാമങ്ങളിലെ ജനങ്ങളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സ് നിര്‍ദേശം നല്‍കുകയും ചെയ്തു.
 
 സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന് തെക്ക്- പടിഞ്ഞാറ് 60 കിലോമീറ്റര്‍ അകലെ പാറകള്‍ നിറഞ്ഞ പീഠഭൂമിയാണ് ഗോലാന്‍ കുന്നുകള്‍. 1967ല്‍ നടന്ന 6 ദിവസത്തെ യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ സിറിയയില്‍ നിന്ന് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളുടെ ഒരു ഭാഗം പിടിച്ചെടുത്തിരുന്നു. 1981ല്‍ അത് ഇസ്രായേലിനോട് കൂട്ടിച്ചേര്‍ത്തെങ്കിലും ഈ നീക്കത്തെ അമേരിക്ക ഒഴികെയുള്ള അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിരുന്നില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍