പ്രസിഡന്റ് വികസനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ജനം കേട്ടത് തുണിയുരിഞ്ഞ് ജോലി ചെയ്യാന്‍; പ്രസിഡന്റിനെ അക്ഷരംപ്രതി അനുസരിച്ച് തുണിയുരിഞ്ഞ് ആളുകള്‍ ജോലിക്കെത്തി

വെള്ളി, 1 ജൂലൈ 2016 (18:47 IST)
രാജ്യത്തെ ഏകാധിപതിയായ 61കാരന്‍ പ്രസിഡന്റ് അങ്ങനെ പറഞ്ഞപ്പോള്‍ ജനം അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു. പ്രസിഡന്റ് വികസനം (ഡെവലപ്പ്) എന്നു പറഞ്ഞപ്പോള്‍ ജനങ്ങള്‍ കേട്ടത് തുണിയുരിയുക (സ്ട്രിപ്പ് ഓഫ്) എന്നായിരുന്നു. ബെലാറസുകാര്‍ പൂര്‍ണ നഗ്‌നരായി ഓഫീസിലിരുന്ന് ഇരുന്ന് ജോലി ചെയ്യാനും തുടങ്ങി. 
 
ഏകാധിപതി അലക്സാണ്ടര്‍ ലൂകാഷെന്‍കോ പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി കേട്ടതാണ് ഇത്തരമൊരു നടപടിക്ക് കാരണമായത്. റഷ്യന്‍ ഭാഷയില്‍ 61കാരനായ പ്രസിഡന്റ് razvivat' sebya (വികസനം) എന്നു പറഞ്ഞപ്പോള്‍ ജനങ്ങള്‍ കേട്ടത് razden'sya (തുണിയുരിയുക) എന്നായിരുന്നു. രണ്ടു വാക്കുകളും റഷ്യന്‍ ഭാഷയില്‍ ഉച്ചരിക്കുന്നത് ഒരു പോലെയാണെന്നതാണ് ബെലാറസുകാര്‍ തുണിയുരിയാന്‍ കാരണമായത്.
 
പ്രസിഡന്റിന്റെ വാക്കുകള്‍ കേട്ടതും ചിലര്‍ തുണിയുരിഞ്ഞ് ജോലി ചെയ്യാന്‍ തയ്യാറാകുകയായിരുന്നു. രാഷ്‌ട്രീയ പ്രതിയോഗികള്‍ ഇത് ആയുധമാക്കുക കൂടി ചെയ്തതോടെ നൂറു കണക്കിനാളുകളാണ് നഗ്‌നരായി ഓഫീസുകളില്‍ എത്തുന്നത്.
 
തങ്ങള്‍ നല്ല പ്രജകളാണെന്നും മുകളില്‍ നിന്നും ഉത്തരവ് വന്നാല്‍ പാലിക്കുമെന്നാണ് ബെലാറസുകാരുടെ വാദം. ഐ ടി, ബിസിനസ് മേഖലയിലുള്ളവരും നഴ്സുമാരും തുടങ്ങി നിരവധി മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് തുണിയുടുക്കാതെ ജോലി ചെയ്യുന്നത്. പ്രസിഡന്റ് അധികാരത്തിലേറി 22 വര്‍ഷം ആയിരിക്കുകയാണ് ബെലാറസില്‍. തുണിയുരിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൃത്യമായി ഹാഷ് ടാഗ് ചെയ്യുകയും ചെയ്തു ബെലാറസുകാര്‍. #getnakedandgotowork എന്ന ഹാഷ് ടാഗില്‍ ഫേസ്‌ബുക്കില്‍ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക