കാളിയുടെ രൂപത്തിലുള്ള ബാര്‍ബി പാവ വിവാദമാകുന്നു

Webdunia
വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (13:43 IST)
ബാര്‍ബി പാവയെ ഹിന്ദു ദേവതയായ കാളിയായി ചിത്രീകരിച്ചത് വിവാദമാകുന്നു."ബാര്‍ബി-ദി പ്ലാസ്റ്റിക് റിലീജിയണ്‍" എന്ന ശ്രേണിയിലാണ് പുതിയ പാവയെ അവതരിപ്പിച്ചിരിക്കുന്നത്.

അര്‍ജന്റീനിയന്‍ കലാകാരന്മാരായ മരിയാനെല്ല പെരില്ലിയും പൂള്‍ പവോലിനിയുമാണ് ഈ പാവ രൂപ കല്പന ചെയ്തത്.ഇവര്‍ നിര്‍മ്മിച്ച ബാര്‍ബി പാവകളുടെ പ്രദര്‍ശനം ഒക്ടോബര്‍ 11 ന് നടത്താനിരിക്കെ കാളി ബാര്‍ബി പാവകള്‍ വിവാദമായിരിക്കുകയാണ്.

അറുത്തു മാറ്റിയ ശിരസും കൈയിലേന്തി, തലയോട്ടിയില്‍ കാല്‍ചവിട്ടി നില്‍ക്കുന്ന രീതിയിലാണ് പാവയുടെ ഡിസൈന്‍. ഇത് കൂടാതെ പാവകളുടെ ബോക്സില്‍ കാളി ബാര്‍ബിയുടെ ചിത്രം "ഓം" എന്നും "ജയ് കാളി മാ" എന്നും അച്ചടിച്ചിട്ടുണ്ട്.

പാവകള്‍ ഹൈന്ദവ മതവിശ്വാസികളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്.ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്വങ്ങളേയും ബിംബങ്ങളേയും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കായി പുതിയ രീതിയില്‍ മാറ്റുന്നതിന് ന്യായീകരണമല്ലെന്ന് ഹിന്ദു ആത്മീയ നേതാവായ രാജന്‍ സെദ് സംഭവത്തേപ്പറ്റി പ്രതികരിച്ചു.

നേരത്തെ ബാര്‍ബിയേയും കെന്നിനേയും കന്യാമറിയമായും  ക്രൂശിതനായ യേശുക്രിസ്തുവിന്റേയും രൂപത്തില്‍ ചിത്രീകരിച്ചതും വിവാദമായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.