ബംഗ്‌ളാദേശില്‍ ആദ്യമായി ഹിന്ദു ചീ‍ഫ് ജസ്റ്റിസ്

Webdunia
ചൊവ്വ, 13 ജനുവരി 2015 (09:42 IST)
ബംഗ്ളാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സുരേന്ദ്രകുമാര്‍ സിന്‍ഹ(64)  നിയമിതനായി. മുസ്ളിം ഭൂരിപക്ഷ രാജ്യമായ ബംഗ്ളാദേശില്‍ നീതിന്യായരംഗത്ത് ഉന്നതപദവിയില്‍ നിയമിതനാകുന്ന ആദ്യഹിന്ദുമത വിശ്വാസിയാണ് സിന്‍ഹ. ഇദേഹം 17ന് ചീഫ് ജസ്റ്റിസായി അധികാരമേല്‍ക്കും. പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹമീദ് നിയമന ഉത്തരവില്‍ ഒപ്പുവച്ചു.
 
ജസ്റ്റിസ് മുസമല്‍ ഹൊസെയിന്‍ വിരമിച്ചതോടെയാണ് അപ്പലേറ്റ് വിഭാഗത്തിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ സിന്‍ഹയ്ക്ക് അവസരം ലഭിച്ചത്. ചരിത്രപ്രാധാന്യമുള്ള വിധിപ്രസ്താവങ്ങള്‍ നടത്തിയിട്ടുള്ള സിന്‍ഹ 1999ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 2009ല്‍ അപ്പലേറ്റ് ജഡ്ജിയായി സുപ്രീംകോടതിയിലെത്തി. 1971ല്‍ പാക്കിസ്ഥാനെതിരെ നടന്ന വിമോചനയുദ്ധ കാലത്ത് ഉണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ കേട്ട അപ്പീല്‍ ജഡ്ജിയായും സേവനം അനുഷ്ഠിച്ചു.
 
ഭരണഘടനാപരിഷ്കാരം, ബംഗബന്ധു ഷേഖ് മുജിബുര്‍ റഹ്‌മാന്‍ കൊലക്കേസ് തുടങ്ങി ചരിത്രപ്രാധാന്യമുള്ള വിധിപ്രസ്താവങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. 1974ല്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ സിന്‍ഹ സില്‍ഹറ്റ് ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1999ല്‍ ഹൈക്കോടതി ജഡ്ജിയായും 2009ല്‍ സുപ്രീം കോടതി ജഡ്ജിയായും നിയമിക്കപ്പെട്ടു.  ചീഫ് ജസ്റ്റിസായി സിന്‍ഹയ്ക്ക് മൂന്നു വര്‍ഷത്തിലേറെ സേവന കാലാവധിയുണ്ട്.  
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.